ടി. പി അനുസ്മരണത്തില്‍ കണ്ണൂരില്‍ നിന്നും ഒഴുക്ക്: CPM കര്‍ശനനടപടിക്കൊരുങ്ങുന്നു


T.P Chandrashekaran, Kannur
കണ്ണൂര്‍: ഒഞ്ചിയത്ത് നടന്ന റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വദിനാചരണത്തില്‍ കണ്ണൂരില്‍ നിന്നും പങ്കെടുത്തവരെ കുറിച്ച് സി. പി. എം പാര്‍ട്ടിതല അന്വേഷണം തുടങ്ങി. പാര്‍ട്ടി വിലക്കിയിട്ടും ഒഞ്ചിയത്ത് ആര്‍. എം.പി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത സി. പി. എം അംഗങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചേലോറ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ എന്‍.ജി. ഒ യൂണിയന്‍ ജില്ലാനേതാവുമായ പി. പി മോഹനന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി അംഗത്വം പുതുക്കാതെ വിട്ടു നിന്നവര്‍ ഒഞ്ചിയത്ത് ടി. പി രക്തസാക്ഷിത്വദിനാചരണത്തില്‍ പങ്കെടുത്തത്.

ഒഞ്ചിയം നെല്ലാച്ചേരിയിലെ ടി. പിയുടെ വീട്ടുമുറ്റത്ത് നടന്ന പുഷ്പാര്‍ച്ചനയിലും ഓര്‍ക്കാട്ടേരിയില്‍ നടന്ന പൊതുസമ്മേളനത്തിലും കണ്ണൂരില്‍ നിന്നും നൂറുകണക്കിനാളുകള്‍ പങ്കെടുത്തിട്ടുണ്ട്. പൊതുസമ്മേളനത്തില്‍ പ്രസംഗിച്ച പി.പി മോഹനന്‍ സി. പി. എമ്മിനെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. സി. പി. എംമാര്‍ക്‌സിസ്റ്റ് വ്യതിയാനത്തിലകപ്പെട്ടുവെന്നും ടി.പിയുടെകൊലപാതകത്തിനു ശേഷവും പാര്‍ട്ടി നേര്‍വഴിക്ക് പോകില്ലെന്ന് ഉറപ്പായതിനു ശേഷമാണ് താനടക്കമുളളവര്‍ സി. പി.എമ്മുമായുളള ബന്ധം വിച്ഛേദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും കീഴ് ഘടകങ്ങളില്‍ അവതരിപ്പിച്ച തെറ്റുതിരുത്തല്‍ രേഖപോലും വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍രൂക്ഷമായ പരിഹാസമായിരുന്നു മറുപടി. പാര്‍ട്ടിക്കകത്ത് തെറ്റായ സമീപനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ മാനസികരോഗികളാക്കി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

സി. പി. എം കണ്ണൂരില്‍ നടത്തിയ നായനാര്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട് ഫാരിസ് അബൂബക്കര്‍ സംഭാവനയായി നല്‍കിയ 60ലക്ഷം രൂപ ആദ്യം കണക്കില്‍ ഉള്‍ക്കൊളളിക്കാതിരിക്കുകയും പിന്നീട് വിമര്‍ശനമുണ്ടായപ്പോഴാണ് നേതൃത്വം പണംവാങ്ങിയെന്ന് സമ്മതിച്ചെന്നും പി. പി മോഹനന്‍ ആരോപിച്ചു. നായനാര്‍ സ്മാരക അഖിലേന്ത്യാടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി ഓഫീസിലെത്തിയ വിവാദവ്യവസായി ഫാരിസ് അബൂബക്കറെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടയാള്‍ എന്നുപറഞ്ഞാണ് പ്രവര്‍ത്തകരെ പരിചയപ്പെടുത്തിയത്. പിന്നീട് വിവാദമുണ്ടായപ്പോള്‍കൈരളി ചാനലില്‍ വന്ന ഇന്റര്‍വ്യൂ കണ്ടപ്പോഴാണ് വന്നത് ഫാരിസ് അബൂബക്കറാണെന്ന് മനസിലായതെന്നും പി. പി. മോഹനന്‍ ആരോപിച്ചു.

കണ്ണൂരിലെ സി.പി.എം കോട്ടകളായ അഞ്ചരക്കണ്ടി, പിണറായി, പാനൂര്‍ ഏരിയകളില്‍ നിന്നുമാണ് കൂടുതല്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടന്ന ടി. പി അനുസ്മരണ പരിപാടിയില്‍ കൂടുതല്‍ പങ്കെടുത്തത്. ഇവരില്‍ കുടുംബാംഗങ്ങളുമൊന്നിച്ച് ടി.പിയുടെ വീട്ടില്‍ നടന്ന പുഷ്പാര്‍ച്ചനയ്‌ക്കെത്തിയവരുമുണ്ട്. കാല്‍ലക്ഷത്തിലധികം പേര്‍ ഒഞ്ചിയത്ത് നടന്ന ടി. പി രക്തസാക്ഷിത്വദിനാചരണ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ആര്‍.എം.പിയുടെ കണക്ക്. വരുന്ന ആഗസ്റ്റില്‍ നടക്കുന്ന ആര്‍. എം.പി സംസ്ഥാനതല രൂപീകരണവുമായി ബന്ധപ്പെട്ട് ഇവരുടെ പങ്കാളിത്തമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏഴിന് ചന്ദ്രശേഖരന്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ടി. പി ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വദിനാചരണം നടത്തും. വൈകിട്ട് നടക്കുന്ന പരിപാടിയില്‍ എന്‍. പ്രഭാകരന്‍, കെ.സി ഉമേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

Keywords: Kerala, Kannur, T.P Chandrashekaran, Murder case, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post