നാറാത്ത് കേസ്: ബി.ജെ.പി. മാര്‍ച്ച് പൊലീസ് തടഞ്ഞു

കണ്ണൂര്‍: ഭീകരകേന്ദ്രം തകര്‍ക്കുക, രാജ്യദ്രോഹികളെ ജയിലിലടയ്ക്കുക, നാറാത്ത് കേസ് എന്‍.ഐ.യെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പരിശീലന കേന്ദ്രത്തിലേയ്ക്ക് ബി. ജെ.പി.നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസിന്റെ ബാരിക്കേഡ് മറികടന്ന മൂന്നു ബി. ജെ.പി.പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. പൊലീസിനു നേരെ പ്രവര്‍ത്തകര്‍ ബിയര്‍ കുപ്പികളും കറ്റുകളും വലിച്ചെറിഞ്ഞു. പൊലീസ് ആക്ട് ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് അഞ്ച് ബി. ജെ.പി. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ഞൂറു പേര്‍ക്കെതിരെ കേസെടുത്തു.
 
BJP-March-in-Narath, Kannur

ചൊവ്വാഴ്ച കാലത്ത് പതിനൊന്നു മണിയോടെ കമ്പില്‍ പന്നിയാംകണ്ടി ഹൈസ്‌കൂളിനടുത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് നാറാത്ത് പഞ്ചായത്ത് അതിര്‍ത്തിയില്‍ വച്ചുതന്നെ പൊലീസ് ബാരിക്കേഡുകളും ജലപീരങ്കിയുമുള്‍പ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ച് തടഞ്ഞു. മാര്‍ച്ച് തടഞ്ഞിടത്തു വച്ച് ഉദ്ഘാടന പ്രസംഗത്തിനുശേഷവും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ചിനു ശേഷം പന്നിയാങ്കണ്ടി, കമ്പില്‍ ഭാഗത്തെ എസ്.ഡി.പി.ഐ, ലീഗ് പ്രവര്‍ത്തകര്‍ കെട്ടിയ തോരണങ്ങളും മറ്റും നശിപ്പിച്ചു. കമ്പില്‍ ടൗണിലെ ഒരു തുണിക്കടയ്ക്കു നേരെ കല്ലേറുമുണ്ടായി.

ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത്, മണ്ഡലം സെക്രട്ടറി പള്ളിപ്രം പ്രകാശന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ.പി. ഗംഗാധരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ രജിലേഷ്, അനൂപ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രം റെയ്ഡ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നാറാത്ത് പഞ്ചായത്തില്‍ ഈ മാസം 13 വരെ പൊലീസ് ആക്ട് നിലവിലുണ്ട്. തിങ്കളാഴ്ച പൊലീസ് കമ്പില്‍, നാറാത്ത് പ്രദേശത്ത് ഫ്‌ളാഗ് മാര്‍ച്ചും നടത്തിയിരുന്നു. ചൊവ്വാഴ്ച മുന്നൂറോളം ബി.ജെ.പി.പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇരുന്നൂറോളം പൊലീസ് സേനാംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നു. കണ്ണൂര്‍ ഡിവൈ. എസ്.പി: പി.സുകുമാരന്‍, എ. എസ്.പി. യതീഷ് ചന്ദ്ര, ഇരിട്ടി ഡി.വൈ.എസ്.പി: പി. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.

Keywords: Kerala, Kannur, BJP, Narath, Police, march, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم