സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Kannur, RSS Woker, Bomb, Death, Kerala, Obituary, Mattannur, Dileep, Injury, Friend, Hospital, Bike, Saturday, Police, Malayalam News, Kerala News, International News, National News, Gulf News, Health News,

മട്ടന്നൂര്‍: ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബൈക്ക് ചിന്നിച്ചിതറുകയും മൂന്നു വീടുകള്‍ക്ക് കേടുപാട് പറ്റുകയും ചെയ്തു.

പൊറോറ ആമ്പിലോത്ത് ശങ്കരന്റെ മകന്‍ എ വി ദിലീപ് കുമാര്‍ (27) ആണു മരിച്ചത്. ഇന്നലെ രാവിലെ 5.30ഓടെ മട്ടന്നൂര്‍ മരുതായി റോഡില്‍ കല്ലൂര്‍ അമ്പലമുക്കിലാണു സംഭവം. സ്‌ഫോടകവസ്തുക്കളുമായി പോവുകയായിരുന്ന കെ.എല്‍ 58 1619 ബൈക്കാണു ചിന്നിച്ചിതറിയത്. റോഡില്‍ കുഴി രൂപപ്പെട്ടു.

സ്‌ഫോടനസ്ഥലത്തുനിന്ന് 25 മീറ്റര്‍ അകലെയാണു ദിലീപും ബൈക്കും ഉണ്ടായിരുന്നത്. ഉഗ്രസ്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും സംഭവമറിഞ്ഞെത്തിയ പോലിസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ദിലീപ് കണ്ണൂരിലെ ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു. അമ്പലമുക്കിലെ എം ദേവരാജന്‍, എം രാമചന്ദ്രന്‍ നമ്പ്യാര്‍, കെ പി വിശ്വനാഥന്‍ എന്നിവരുടെ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകരുകയും ചുവര് വീണ്ടുകീറുകയും ചെയ്തു. ദിലീപ് കുമാറിന്റെ കൈവശമുണ്ടായിരുന്ന 50,100 രൂപയുടെ നോട്ടുകള്‍ റോഡില്‍ ചിതറിക്കിടന്നു. ബൈക്കി­ന്റെ ഭാഗങ്ങള്‍ സമീപത്തെ വീട്ടുമുറ്റത്തും പറമ്പുകളിലുമായി തെറിച്ചുവീണു. ബൈക്കില്‍ തൂക്കിയിട്ട സ്‌ഫോടകവസ്തു സയലന്‍സറിന്റെ ചൂട് തട്ടി പൊട്ടിത്തെറിച്ചതാണെന്നു കരുതുന്നു.

ബൈക്കില്‍ കൊണ്ടുപോയത് വെടിമരുന്നാണെന്നാണു പോലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ദിലീപിനു പടക്കനിര്‍മാണത്തിനു ലൈസന്‍സ് ഇല്ലെന്നും രഹസ്യകേന്ദ്രത്തില്‍വച്ചായിരിക്കും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതെന്നും പോലിസ് സംശയിക്കുന്നു. ഇരിക്കൂര്‍ പടിയൂരിലെ ഒരു ക്ഷേത്രോല്‍സവ സ്ഥലത്തുനിന്നു ബാക്കിവന്ന വെടിമരുന്നും മറ്റുമായി വരുമ്പോഴാണ് സംഭവമെന്നും സംഘടനയെ വലിച്ചിഴയ്ക്കരുതെന്നും ആര്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദിലീപ് കുമാര്‍ അവിവാഹിതനാണ്. മാതാവ്: ജാനകി. സഹോദരങ്ങള്‍: അജിത, അരുണ, ദിനേശന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.

Keywords: Kannur, RSS Woker, Bomb, Death, Kerala, Obituary, Mattannur, Dileep, Injury, Friend, Hospital, Bike, Saturday, Police, Malayalam News, Kerala News, International News, National News, Gulf News, Health News

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post