സി.ഐ.ടി.യു ദേശീയ സമ്മേളനത്തിന് പതാകയുയര്‍ന്നു

CITU conference


കണ്ണൂര്‍: വര്‍ഗസമരത്തിലൂടെ നയമാറ്റമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സി.ഐ.ടി.യു.ദേശീയ സമ്മേളനത്തിന് ബുധനാഴ്ച ചെങ്കൊടിയുയര്‍ന്നു. സി.ഐ.ടി.യു.ദേശീയ നേതാക്കളുടെയും സി.പി.എം നേതാക്കളുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും സ്വാഗതസംഘം ചെയര്‍മാനുമായ കോടിയേരി ബാലകൃഷ്ണനാണ് പൊതുസമ്മേളന വേദിയായ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിലെ സി.കണ്ണന്‍ നഗറില്‍ ചെങ്കൊടിയുയര്‍ത്തിയത്. രാത്രി എട്ടേകാലിന് കൊടിമരവും കൊടിയും ദീപശിഖയും സ്‌റ്റേഡിയത്തിലേയ്ക്ക് കടന്നപ്പോള്‍ത്തന്നെ അന്തരീക്ഷം മുദ്രാവാക്യങ്ങള്‍കൊണ്ട് മുഖരിതമായിരുന്നു. വൈകിട്ട് ആറുമണിയോടെതന്നെ നേതാക്കളും പ്രവര്‍ത്തകരും സ്‌റ്റേഡിയത്തിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു.

കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് ബുധനാഴ്ച വൈകിട്ട് ആറരയോടെ കൊടിമരജാഥ കണ്ണൂരിലെത്തിയത്. സി.ഐ.ടി.യു.സംസ്ഥാന ട്രഷറര്‍ കെ.എം. സുധാകരന്റെ നേതൃത്വത്തിലെത്തിച്ചേര്‍ന്ന കൊടിമരം സി.ഐ.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എം.ലോറന്‍സ് ഏറ്റുവാങ്ങി. കയ്യൂര്‍ സമര സേനാനി കുറുവാടന്‍ നാരായണന്‍ നായരാണ് കൊടിമരം ജാഥാലീഡര്‍ക്ക് കൈമാറിയത്. പുന്നപ്ര വയലാര്‍ സ്മരണകളിരമ്പുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ നിന്നാണ് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയെത്തിയത്.

സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തിലാണ് പതാക കണ്ണൂരിലെത്തിച്ചത്. കര്‍ഷക സമരചരിത്രമുറങ്ങുന്ന കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയില്‍ നിന്ന് പി.കെ.ഗുരുദാസന്റെ നേതൃത്വത്തിലാണ് ദീപശിഖയെത്തിയത്. ഇതിനു പുറമെ ജില്ലയിലെ നൂറ്റിരണ്ട് രക്തസാക്ഷി കുടീരങ്ങളില്‍ നിന്നുള്ള ദീപശിഖയും കണ്ണൂരിലെത്തി. മൂന്നു ജാഥകളും സംഗമിച്ച് നഗരം ചുറ്റിയാണ് സി.കണ്ണന്‍ നഗറിലേയ്ക്ക് എത്തിച്ചേര്‍ന്നത്.

നേതാക്കളായ തപന്‍സെന്‍, എ.കെ.പദ്മനാഭന്‍, ഡോ. ഹേമലത, കെ.പി.സഹദേവന്‍, ഇ.പി.ജയരാജന്‍, പി.ചന്ദ്രന്‍പിള്ള, എ.കെ.ബാലന്‍, എളമരം കരീം, പി.കെ.ശ്രീമതി തുടങ്ങിയ നേതാക്കള്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Keywords: Kerala, Kannur, CITU, Conference, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post