കണ്ണൂര്‍: നിലവിലുള്ള സാഹചര്യത്തില്‍ തൊഴിലാളിസംഘടനകള്‍ ജാഗരൂകരാകണമെന്ന് സി.ഐ.ടി.യു.ദേശീയ സമ്മേളനം വിലയിരുത്തി. രാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ മേഖലയെ സാരമായി ബാധിച്ചിരിക്കയാണെന്നും സമ്മേളന നടപടികള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു.
സാമ്പത്തിക മാന്ദ്യം തത്കാലം ഇല്ലെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഇത് തുടരുന്നുണ്ട്. സാമ്പത്തിക മാന്ദ്യം നേരിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമമില്ല. ഇറക്കുമതിയില്‍ നിയന്ത്രണം വരുത്താനുമാകുന്നില്ല. ഇത് ഭാവിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വിഘാതമായിത്തീരുകയും ചെയ്യും. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ഇത് തടസമാകുമെന്നും തപന്‍സെന്‍ പറഞ്ഞു.
സമീപ കാലത്ത് പല സ്ഥാപനങ്ങളുടെയും ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ട്. എന്നാല്‍ ഈ ലാഭത്തിന്റെ വലിയൊരു പങ്ക് വിദേശത്തേയ്ക്കാണ് പോകുന്നത്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ വര്‍ദ്ധനയില്‍ കാര്യമായ കുറവ് അടുത്ത കാലത്തായി അനുഭവപ്പെടുന്നുണ്ട്. ഇന്ത്യയില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം എട്ടു ശതമാനം വര്‍ദ്ധിച്ചപ്പോള്‍ തൊഴില്‍ രംഗത്തെ വര്‍ദ്ധന ഏഴു ശതമാനമാണ്. തൊഴിലില്ലായ്മയുടെ വര്‍ദ്ധനയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് തൊഴില്‍ ഘടനയില്‍ മാറ്റം വരുത്തണം. തൊഴില്‍ സമയം വെട്ടിച്ചുരുക്കണമെന്ന നിര്‍ദ്ദേശം പുനഃപരിശോധിക്കേണ്ടതുണ്ട്. സ്വത്വ രാഷ്ട്രീയം തൊഴിലാളിരാഷ്ട്രീയത്തെ ഭിന്നിപ്പിക്കുന്നുവെന്നും അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നും തപന്‍ സെന്‍ പറഞ്ഞു.
Keywords: Kerala, Kannur, CITU, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment