Home » , , » നാറാത്തെ പരിശീലനക്യാമ്പ്: പോപുലര്‍ ഫ്രണ്ട് ലക്ഷ്യം എന്തായിരുന്നു?

നാറാത്തെ പരിശീലനക്യാമ്പ്: പോപുലര്‍ ഫ്രണ്ട് ലക്ഷ്യം എന്തായിരുന്നു?

Written By Kasargodvartha on Apr 30, 2013 | 1:05 AMPopular Front camp in Narath, Kannur
കണ്ണൂര്‍: ദാരിദ്ര്യം മുതലെടുത്തുകൊണ്ട് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ആയുധമേന്താന്‍ യുവാക്കളെ മതതീവ്രവാദശക്തികള്‍ അണിനിരത്തുന്നു. മതരാഷ്ട്രീയപാര്‍ട്ടികളുടെ മുഖംമൂടിയണിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ് ദരിദ്യകുടുംബപശ്ചാത്തലമുളള കൗമാരക്കാരെയും യുവാക്കളെയും പണവുംസുഖസൗകര്യങ്ങളും നല്‍കി പ്രലോഭിപ്പിച്ച് വലയിലാക്കുന്നത്. ഇവരുടെ കെണിയില്‍ വീണാല്‍ പിന്നെ ജീവിതാവസാനംവരെ രക്ഷപ്പെടാന്‍കഴിയില്ല. ഒന്നുകില്‍ കാരിരുമ്പഴി അല്ലെങ്കില്‍ കത്തിമുന രണ്ടിലൊന്നില്‍ജീവിതം ഹോമിക്കേണ്ടിവരും. കഴിഞ്ഞ 35വര്‍ഷത്തിലേറെക്കാലമായി കണ്ണൂരില്‍ സി. പി. എം,ബി.ജെ. പി,കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അക്രമരാഷ്ട്രീയത്തില്‍ ചോരചീന്താനായി ആയുധമായി ഉപയോഗിച്ചത് ഇത്തരം ദരിദ്ര്യ പശ്ചാത്തലത്തില്‍ നിന്നും വരുന്ന യുവാക്കളെയാണ്.

ഇതുകൂടുതല്‍ മികവോടെ പരീക്ഷിച്ചത് പഴയ എന്‍.ഡി.എഫും ഇപ്പോഴെത്തെ പോപ്പുലര്‍ഫ്രണ്ടുമാണെന്ന് മാത്രം. കാടാച്ചിറ കോട്ടൂരിലെ അബ്ദുള്‍ ജലീലെന്ന പെയിന്റിംഗ് തൊഴിലാളി വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാശ്മീര്‍ തീവ്രവാദകേസില്‍ അകത്തായത് ഇത്തരമൊരു കുടുക്കില്‍ വീണതുകൊണ്ടാണ്. കുട്ടിയുടെ ചികിത്സാചിലവുമായിബന്ധപ്പെട്ട് ഭാരിച്ച തുക ചിലവഴിക്കാനാവാതെ നിസഹായനായ ജലീലിന് കൈത്താങ്ങും പണത്താങ്ങുമായി ചിലര്‍ കടന്നുവരികയായിരുന്നു.കുടുംബബന്ധുവായ തടിയന്റവിടെ നസീര്‍ നേതൃത്വം നല്‍കിയ തീവ്രവാദഗ്രൂപ്പാണ് ഇതിനു നേതൃത്വം നല്‍കിയത്. പക്ഷെ താത്കാലികമായി ലഭിച്ച ആശ്വാസത്തിന് ജലീല്‍ കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതമാണെന്നു മാത്രം.

പിണറായി പാണ്ട്യാലമുക്കിലെ നൗഷാദിന്റെ അവസ്ഥയും ഇതിനു സമാനമാണ്. വെറുംമരത്തൂണില്‍ നില്‍ക്കുന്ന ഇടിഞ്ഞുപൊളിഞ്ഞുവീഴാറായവീട്, മാരകരോഗികളായ സഹോദരിയും ഉമ്മൂമ്മായും. ഇവരുടെ ചികിത്സയ്ക്കായി കൂലിത്തൊഴിലാളിയായ നൗഷാദ് നാലുലക്ഷത്തോളം കടംവാങ്ങിയും സ്വത്ത് പണയപ്പെടുത്തിയും ചിലവഴിച്ചുകഴിഞ്ഞു. ഇതുമുതലെടുത്തുകൊണ്ട് മതതീവ്രവാദസംഘടന നൗഷാദിന്റെ ജീവിതത്തിലും താങ്ങായത്. പ്രതിഫലമായി ലഭിച്ചതാവട്ടെ പൊലിസിന്റെ നിരന്തരവേട്ടയാടല്‍..ഇപ്പോള്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പോലുമാവാത്ത അവസ്ഥയാണ് ഈയുവാവിന്റെത്.

ദിവസങ്ങള്‍ക്കു മുമ്പ് നാറാത്ത് പാമ്പുരുത്തി റോഡില്‍വച്ച് പരിശീലനത്തിനിടെ അറസ്റ്റിലായ 21പേരില്‍ മിക്കയുവാക്കളുടെയും സ്ഥിതി ഇതുതന്നെയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. അന്യമതസ്ഥരോടുളള വിദ്വേഷംകൊണ്ടോ, അനീതിക്കെതിരെ രക്തം തിളച്ചതുകൊണ്ടോയല്ല പലരുംതീവ്രവാദആശയങ്ങളില്‍ ആകൃഷ്ടരായത്. മറിച്ച് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനുളള ശ്രമത്തിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.

ഹിന്ദു ഐക്യവേദി നേതാവായ അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി അസീസാണ് ക്യാമ്പില്‍ പരിശീലനം നല്‍കിയതെന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു പലരും പിടിയിലായതിനു ശേഷം പൊലിസിനു നല്‍കിയ മൊഴി. പരസ്പരം വലിയ പരിചയമൊന്നുമില്ലാത്ത സംഘമായിരുന്നു പരിശീലനത്തിനെത്തിയത്.

ഇവരില്‍ പലരും സംഘടനയിലേക്ക് പുതുതായി വന്നവരും വിദ്യാഭ്യാസ കാലയളവില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ചുരുക്കം ചില പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുമായിരുന്നു. പളപളമിന്നുന്ന ബൈക്ക്, പുത്തന്‍കറന്‍സി, ആര്‍ഭാടജീവിതം, അത്യാവശ്യം ചില സാഹസിക പ്രവൃത്തികള്‍, ഗുണ്ടായിസം എന്നിവയാല്‍ ആകൃഷ്ടരും നിലവിലുളള വ്യവസ്ഥയോടും രാഷ്ട്രീയ പാര്‍ട്ടികളോടും കടുത്ത പുച്ഛം പുലര്‍ത്തുന്നവരുമായ ചിലയുവാക്കളും സ്വമേധയാ ക്യാമ്പിലേക്ക് കടന്നുവന്നിട്ടുണ്ട്.

ന്യൂനപക്ഷവിഭാഗങ്ങള്‍ ഗുജറാത്തിലും കാശ്മീരിലും നേരിടേണ്ടിവരുന്ന അനീതികളെ കുറിച്ച് ക്‌ളാസെടുത്ത് മതതീവ്രവാദം കുത്തിവച്ചാണ് ഇവരെ എന്തിനും പോന്ന ചാവേര്‍ സംഘമാക്കി മാറ്റുന്നത്. എതിരാളിക്കെതിരെ ആയുധമെടുക്കുന്നതും സദാചാര ഗുണ്ടകള്‍ ചമയുന്നതും മണല്‍കടവുകളില്‍ ദാദാപിരിവ് നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്നതും ഇത്തരക്കാരാണ്. എന്‍കൗണ്ടര്‍ ഗ്രൂപ്പെന്ന പേരില്‍ കില്ലിംഗ് സ്‌ക്വാഡിനെ രൂപീകരിക്കുന്നതും തീവ്രപരിശീലനം നേടിയ ഇവരില്‍ നിന്നാണ്.

എടക്കാട് സബ് ഡിവിഷിനുകീഴില്‍ നടത്തിയ പരിശീലനമാണ് നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ നടന്നത്. തുടര്‍ച്ചയായി അക്രമം നടത്തുന്ന ഇത്തരക്കാരെ ഒളിപ്പിക്കാനും മറ്റുതാവളങ്ങളിലേക്ക് മാറ്റുന്നതിനും ഹാര്‍ബറിംഗ് സെല്‍ എന്നൊരുവിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എതിരാളികളെ വെട്ടിക്കീറുന്നതിന്ശക്തി പകരാന്‍ മതപഠനക്‌ളാസുകളും താലിബാന്‍, അല്‍ക്വയ്ദ തീവ്രവാദപരിശീലന ജിഹാദി സി.ഡികളും ഇവര്‍ക്കു നല്‍കുന്നു.

കേസില്‍ കുടുങ്ങുന്നവരെ രക്ഷിക്കാന്‍ തലശേരിബാറിലെ ഒരു അഭിഭാഷകന്റെ നേതൃത്വത്തില്‍ നിയമസഹായസെല്‍, മനുഷ്യാവകാശപ്രവര്‍ത്തനങ്ങളെ കുറിച്ച് ബോധവത്കരിക്കാന്‍ ബുദ്ധിജീവികളുടെ പുസ്തകങ്ങളും ലഘുലേഖകളും, എ.ടി. എം കാര്‍ഡുവഴി ചോദിക്കാതെ തന്നെ യഥേഷ്ടംപണവും സഞ്ചരിക്കാന്‍ വാഹനങ്ങളും ഒളിത്താവളങ്ങളും കില്ലിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ക്കായി ഒരുക്കുന്നു.

കോഡുഭാഷ ഉപയോഗിച്ചുകൊണ്ടാണ് അംഗങ്ങള്‍ തമ്മില്‍ മൊബൈല്‍ ഫോണ്‍വഴി ബന്ധപ്പെടുന്നത്.
നേതൃത്വം മാറിമാറി വരുന്നതുകൊണ്ട് സ്ഥിരമായുളള ബന്ധങ്ങളോസൗഹൃദങ്ങളോയില്ലാത്തതിനാല്‍ സംഘടനയെ കുറിച്ചുളള വിശദാംശങ്ങളും അംഗങ്ങള്‍ക്ക് കമ്മിയായിരിക്കും. ആശയസമര പ്രചരണപരിപാടികള്‍ക്ക് പങ്കെടുക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഇത്തരംകില്ലിംഗ് സ്‌ക്വാഡുകളെ കുറിച്ച് സംഘടനാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും അഞ്ജാതമാണ്. അബദ്ധവശാല്‍ പൊലിസിന്റെ പിടിയിലായാല്‍പ്പോലും ഇവരെ ഊരിയെടുത്ത് സാധാരണപ്രവര്‍ത്തകരെ കേസില്‍ ബലിയാടാക്കി എറിഞ്ഞുകൊടുക്കാന്‍ സഹായിക്കുന്ന പൊലിസ് സേനയിലെ ചിലരുടെ സഹായവും ലഭിക്കും.

മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്നും അക്കൗണ്ടിലേക്കെത്തുന്ന പണവും വ്യാപാരതാത്പര്യങ്ങളുളള വിവിധരാഷ്ട്രീയ നേതൃത്വങ്ങളുടെ രഹസ്യപിന്തുണയും സഹായവും കില്ലിംഗ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തിന് തുണയാകുന്നു. അക്രമം നടത്തുന്ന പ്രതികളെ രായ്ക്കുരാമാനം ഗള്‍ഫിലേക്ക് കടത്താനുളള ഗ്രീന്‍ചാനല്‍ റൂട്ട് ഇവര്‍ക്കുണ്ട്. തങ്ങളുടെരാഷ്ട്രീയ വളര്‍ച്ചയ്ക്കു തടസം നില്‍ക്കുന്ന മുഖ്യശത്രുവായ മുസ്ലീം ലീഗിന്റെ ആധിപത്യം എങ്ങനെയെങ്കിലും ഇല്ലാതാക്കുകയെന്നതാണ് ഏകഅജന്‍ഡ. ഇതിനായി ആരുടെ സഹായവും സ്വീകരിക്കാമെന്നതാണ് നിലപാട്. ലീഗ് കേന്ദ്രങ്ങളില്‍ നിര്‍ണ്ണായകശക്തിയാവുന്നതിനുവേണ്ടിയുളള സായുധപരിശീലനമാണ് നാറാത്തടക്കമുളള ക്യാമ്പുകള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് സൂചന.


Keywords: Kerala, Kannur, Popluar Front, Narath, police, case, arrest, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger