യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ അന്തരീക്ഷം മലിനമാക്കി: വി.എസ്. അച്യുതാനന്ദന്‍

V.S Achuthananthan
കണ്ണൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ അന്തരീക്ഷം മലിനമാക്കിയതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സി.ഐ.ടി.യു ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ഭയു.ഡി.എഫും കേരള ഭരണവും' എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിനുള്ളിലെ അരാജകത്വം ബഡ്ജറ്റിലും പ്രതിഫലിക്കുകയാണ്. ധനമന്ത്രിയെ തോണ്ടിവിളിച്ച് പുതിയ പദ്ധതികള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്ന അവസ്ഥയായിരുന്നു. താലൂക്ക് രൂപീകരണത്തിനായുള്ള അന്വേഷണ കമ്മിഷനുകളുടെ റിപ്പോര്‍ട്ട് രണ്ടെണ്ണമുണ്ടായിട്ടും ഇതൊന്നും വായിച്ചുനോക്കുകപോലും ചെയ്യാതെയാണ് പുതിയ താലൂക്കുകള്‍ അനുവദിച്ചിരിക്കുന്നത്. 1300കോടിയോളം രൂപ ജനങ്ങളുടെമേല്‍ അമിതഭാരം ഉണ്ടാക്കിയിരിക്കുന്നു. സംസ്ഥാനം സാന്പത്തിക അസന്തുലിതാവസ്ഥയിലായെന്നും അതിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും വി.എസ്. പറഞ്ഞു.

ഭരണം തകര്‍ക്കാന്‍ അകത്തുനിന്നും പുറത്തുനിന്നും ശ്രമമുണ്ടെന്നാണ് പറയുന്നത്. പെണ്‍വിഷയത്തില്‍ അടികിട്ടുന്ന മന്ത്രിയും മന്ത്രിക്കെതിരെ പരാതി നല്കുന്ന പത്‌നിയും മന്ത്രി വ്യപിചാരിയാണെന്ന് പറയുന്ന ചീഫ് വിപ്പുമാണിവിടെയുള്ളത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരിഞ്ചുമുന്നോട്ടുപോകാന്‍ ഈ സര്‍ക്കാരിനായിട്ടില്ല.

കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും കഴിഞ്ഞസര്‍ക്കാര്‍ പണം അനുവദിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു നടപടിയുമുണ്ടായില്ല. സ്മാര്‍ട്ട് സിറ്റി, പാലക്കാട് കോച്ച് ഫാക്ടറി, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയുടെയെല്ലാം കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. നിക്ഷേപസംഗമം നടത്തിയിട്ട് ചായക്കടപോലും കൊണ്ടുവരാന്‍ സര്‍ക്കാരിനായില്ല. മെട്രോ റെയില്‍ പദ്ധതിയില്‍ ആകെ ചെയ്തത് മുഖ്യമന്ത്രിയുടെ ബന്ധു ജോലി ചെയ്യുന്ന ബാങ്കിലേക്ക് പണം മാറ്റി നിക്ഷേപിച്ചതു മാത്രമാണ്. കമ്മിഷന്‍ ലക്ഷ്യംവച്ചുള്ള പ്രവൃത്തികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

എല്ലാ മേഖലകളും അഴിമതിയില്‍ കുളിച്ചിരിക്കുകയാണ്. സര്‍വീസ് സംഘടനകളുടെ പണിമുടക്കത്തെ ആക്ഷേപിച്ചു. ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുന്നു. പി.ജെ. കുര്യനെ രക്ഷിക്കുന്ന സര്‍ക്കാരാണ് എല്ലാ സ്ത്രീകളുടെയും സുരക്ഷയ്ക്ക് നിയമം കൊണ്ടുവരുമെന്ന് പറയുന്നത്. ഈ സര്‍ക്കാര്‍ ഒരുദിവസമെങ്കില്‍ ഒരുദിവസം മുന്‌പെ അവസാനിക്കണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നതെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ചടങ്ങില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി. ദിവാകരന്‍, സി.കെ. നാണു, മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. രാജേഷ് എം.എല്‍.എ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, UDF, Airport, V.S Achuthananthan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post