എല്‍.ഡി.എഫുമായുളള ചര്‍ച: സി.എം.പി. പിളര്‍പിലേക്ക്

Kannur, UDF, LDF, CMP, M.V. Ragavan, M.K. Kannan, Party, Pariyaram Medical College Hospital,
കണ്ണൂര്‍: യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫിലേക്ക് ചേക്കേറാനുളള സി.എം.പിയിലെ ഒരുവിഭാഗത്തിന്റെ നീക്കം പാര്‍ട്ടിയെ പിളര്‍ത്തിയേക്കും. ഈക്കാര്യത്തില്‍ ചര്‍ചയാവാമെന്ന എം.വി. രാഘവന്റെ അഭിപ്രായം എല്‍.ഡി.എഫ്. പുന: പ്രവേശനത്തിനായുളള പച്ചക്കൊടിയായിട്ടാണ് പലരും കാണുന്നത്.

യു.ഡി.എഫ്. വിട്ട് പാര്‍ട്ടി എല്‍.ഡി.എഫിന്റെ ഭാഗമായി പോകണമെന്ന് ശക്തമായി വാദിക്കുന്നത് എം.കെ. കണ്ണന്‍, കെ.ആര്‍. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിഭാഗമാണ്. എന്നാല്‍ പാട്യം രാജന്‍, സി.എ. അജീര്‍, ചൂര്യായി ചന്ദ്രന്‍ തുടങ്ങിയ കണ്ണൂരിലെ പ്രമുഖ നേതാക്കള്‍ ഈക്കാര്യത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

സി.പി. ജോണുള്‍പ്പെടെയുളള ഒരുവിഭാഗം നേതാക്കള്‍ ഇപ്പോള്‍ യു.ഡി.എഫ്. വിടുന്നത് ആത്മഹത്യപരമാണെന്ന ചിന്താഗതിക്കാരാണ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ മുന്നോട്ടുപോകുകയാണെങ്കില്‍ പാര്‍ട്ടി പിളരുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. നാമമാത്രമെങ്കിലും നിലവിലുളള സ്ഥാനമാനങ്ങളും ഭരണത്തിന്റെ ശീതളച്ഛായയും നഷ്ടപ്പെടുത്തരുതെന്ന ചിന്താഗതിയാണ് യു.ഡി.എഫില്‍ തന്നെ ഉറച്ചു നില്‍ക്കണമെന്ന് വാദിക്കുന്നവര്‍ക്കുളളതെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.

പരിയാരം മെഡിക്കല്‍ കോളജാശുപത്രി ഭരണംഉള്‍പെടെ പാര്‍ട്ടിക്ക് അര്‍ഹമായതെല്ലാം നിഷേധിക്കുന്ന യു. ഡി.എഫ്. മുന്നണിയില്‍ നിന്നും ഇനി കൂടുതല്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് സി.എം.പി. നേതാക്കളിലൊരാള്‍ പറഞ്ഞു. എന്നാല്‍ സി.എം.പിയെ ഇടതുമുന്നണിയിലെടുക്കുന്നതിനെ കുറിച്ചുളള ചര്‍ചകള്‍ മുഖ്യകക്ഷികളിലൊന്നായ സി.പി.എമ്മിലും അഭിപ്രായഭിന്നതയ്ക്കിടയാക്കിയിട്ടുണ്ട്.

കൂത്തുപറമ്പ് വെടിവയ്പ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐക്കാര്‍ കൊല്ലപ്പെടാനിടയാക്കിയ സംഭവത്തില്‍ പാര്‍ട്ടി മുഖ്യ ഉത്തരവാദിയായി മുദ്രകുത്തിയ എം.വി. രാഘവനെയും കൂട്ടരെയും മുന്നണിയിലേക്ക് ആനയിക്കുന്നതില്‍ സി.പി.എം. അണികള്‍ക്കിടയില്‍ കടുത്ത എതിര്‍പുണ്ട്. എന്നാല്‍ ഇതിനെ നേതൃത്വം വൈകാരികപരമായ സമീപനമായി മാത്രമെ കാണുന്നുളളൂ.

സമാനചിന്താഗതിക്കാരായ ചെറുകക്ഷികളെയും സംഘടനകളെയും മുന്നണി സംവിധാനത്തിലേക്ക് കൊണ്ടുവന്ന് ഇടതുപക്ഷ മതേതര സംഖ്യത്തെ വിപുലീകരിക്കണമെന്ന ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സി.എം.പി, ജെ.എസ്.എസ്, ജനതാദള്‍, കേരളകോണ്‍ഗ്രസ് (എം) തുടങ്ങിയ കക്ഷികളില്‍ നിന്നും ആര് വലതുചേരി വിട്ടുവന്നാലും സ്വീകരിക്കണമെന്ന നയം സ്വീകരിച്ചിട്ടുളളതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

എല്‍.ഡി.എഫിലേക്ക് ആളെക്കൂട്ടുന്നതിനായി സി.പി.ഐയെ കളത്തിലിറക്കിയാണ് സി.പി.എം. കളിക്കൊരുങ്ങുന്നത്. ഈക്കാര്യത്തില്‍ പാര്‍ട്ടി നേരിട്ട് ഇടപെടുന്നത്ഗുണം ചെയ്യില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. ടി.പി. ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധക്കേസുകളില്‍ വിചാരണ തുടങ്ങിയ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ മുഖം നഷ്ടപ്പെടാതിരിക്കാന്‍ സി.പി.എം. അധികാരത്തിനായി വേണ്ടി കാണിക്കുന്ന വെപ്രാളമായാണ് യു.ഡി.എഫ്. ചേരി ഈ ശ്രമങ്ങളെ വിമര്‍ശിക്കുന്നത്.

Keywords: Kannur, UDF, LDF, CMP, M.V. Ragavan, M.K. Kannan, Party, Pariyaram Medical College Hospital, CMP, JSS, Kerala Congress (M), Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post