വാരത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു. പാചക വാതകവുമായി പോവുകയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ വാരം മധുക്കോത്ത് ഒറയില്‍ കുന്നിലാണ് അപകടം. ലോറിയുടെ ഡീസല്‍ ടാങ്ക് തകര്‍ന്ന് ഡീസല്‍ പുറത്തേക്ക് ഒഴുകിയെങ്കിലും പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറിന് പൊട്ടലൊന്നുമേല്‍ക്കാത്തതു കാരണം വന്‍ ദുരന്തമാണ് ഒഴിവായത്.
മംഗലാപുരത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. വളവു തിരിക്കുന്നതിനിടയില്‍ കുഴിയില്‍ വീണ് ടാങ്കര്‍ മറിയുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗവും വശവും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പൊലീസ് എത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി വീടുകളുള്ള ജനവാസ മേഖലയിലാണ് അപകടം നടന്നത്. ശബ്ദം കേട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പരിസരവാസികള്‍ ടാങ്കര്‍ ലോറി മറിഞ്ഞതാണെന്നറിഞ്ഞതോടെ വീടുപേക്ഷിച്ച് ദൂരേക്ക് ഓടി മാറുകയായിരുന്നു. പരിസരത്തെ വീടുകളില്‍നിന്ന് ആളുകളോട് ഇറങ്ങി ഓടാനും വിളിച്ചുകൂവുന്നുണ്ടായിരുന്നു. നാട്ടുകാരില്‍ ചിലര്‍ കണ്ണൂര്‍ ഫയര്‍ഫോഴ്സിനെയും വിളിച്ചു പറഞ്ഞു.
എ. രാജീവന്‍െറ നേതൃത്വത്തിലെത്തിയ ഫയര്‍ യൂണിറ്റാണ് ഗ്യാസ് ടാങ്കറിന് ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് ഉറപ്പു വരുത്തിയത്. ഇതിനിടെ പ്രദേശത്തെ വൈദ്യൂതി ബന്ധവം അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭയത്തെ തുടര്‍ന്ന് ഫയര്‍ ഡിസ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് സ്ഫോടനം നടക്കുന്നത് തടയുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കി.
കണ്ണൂര്‍ ഡി.വൈ.എസ്.പി പി. സുകുമാരന്‍െറ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് അപകട സ്ഥലത്തേക്കുള്ള ഗതാഗതം തടഞ്ഞ് സുരക്ഷയുറപ്പാക്കി. ചാലയില്‍ വാതക ചോര്‍ച്ചയുണ്ടായതിന് ശേഷം കടന്നു പോയ ബൈക്കില്‍ നിന്നാണ് തീജ്വാലകള്‍ ഉയര്‍ന്നതെന്നത് മുന്‍നിര്‍ത്തിയാണ് ഗതാഗതം തടഞ്ഞത്.
വിവരമറിഞ്ഞ് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉദ്യോഗസ്ഥരും അപകട സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ടാങ്കര്‍ ഉടന്‍ മാറ്റുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ പൊലീസിനോട് പറഞ്ഞു. എസ്.പിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും പ്രദേശത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് ടാങ്കര്‍ ദുരന്തങ്ങളിലൊന്നായ ചാല ദുരന്തത്തിനു മൂന്നു മാസം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പാണ് കണ്ണൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും അപകടമുണ്ടായത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم