ഗ്രാമനഗരവീഥികളെ കൃഷ്ണഭക്തിയിലാറാടിച്ച ശോഭായാത്ര

കണ്ണൂര്‍: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമിയോടനുബന്ധിച്ച് നാടും നഗരവും കൃഷ്ണഭക്തിയിലാറാടി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രകള്‍ ജനപഥങ്ങളെ അമ്പാടികളാക്കി. കാവി പതാകകളും തോരണങ്ങളും നാടിനെ കാവി കടലാക്കി മാറ്റി. ദ്വാപരയുഗ സ്മരണകളുണര്‍ത്തുന്ന നിശ്ചല ദൃശ്യങ്ങളും ആയിരക്കണക്കായി ശ്രീകൃഷ്ണ ഗോപികാ വേഷങ്ങളും ഭജനസംഘങ്ങളും ശോഭായാത്രകളെ മികവുറ്റതാക്കി. സാംസ്‌കാരിക നായകന്മാരും സംഘപരിവാര്‍ നേതാക്കളും ശോഭായാത്രകള്‍ക്ക് നേതൃത്വം നല്‍കി.യ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി 50 ലേറെ മഹാശോഭായാത്രകളും 500 ഓളം ശോഭയാത്രകളും നടന്നു. കണ്ണൂര്‍, തലശ്ശേരി, മാഹി, പാനൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പയ്യന്നൂര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കൂടാളി, പേരാവൂര്‍, ഉദുമ, ബന്തടുക്ക, പഴയങ്ങാടി, ആലക്കോട് തുടങ്ങിയ കേന്ദ്രങ്ങളിലാണ് മഹാശോഭയാത്രകള്‍ നടന്നത്.

ഇവിടങ്ങളില്‍ നിരവധി ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭയാത്രകളായി പരിണമിക്കുകയായിരുന്നു. ജില്ലാ ആസ്ഥാനമായ കണ്ണൂരില്‍ ശ്രീനാരായണ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച ശോഭയാത്ര അഡ്വ.അംബികാസൂതന്റെ അധ്യക്ഷതയില്‍ കലാതിലകം ദേവികാ സജീവന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.കെ.ബലറാം, എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, കെ.കെ.വിനോദ്കുമാര്‍, പി.നാരായണന്‍ മാസ്റ്റര്‍, എം.കെ.വിനോദ്, എ.ഒ.രാമചന്ദ്രന്‍, സി.സി.രവീന്ദ്രന്‍, ഭാഗ്യശീലന്‍ ചാലാട്, ഉല്ലാസ് നമ്പ്യാര്‍, പി.വി.ഗിരീഷ്ബാബു, പി.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചാല ദുരന്തത്തിന്റേയും സച്ചിന്‍വധത്തിന്റേയും പശ്ചാത്തലത്തില്‍ വാദ്യമേളങ്ങളടക്കമുള്ള ആഢംബരങ്ങള്‍ ഒഴിവാക്കിയിരുന്നുവെങ്കിലും ശോഭായാത്ര വീക്ഷിക്കാന്‍ ആയിരങ്ങളാണ് നഗരവീഥികളില്‍ കൂടിയിരുന്നത്. ശോഭായാത്ര നഗരപ്രദക്ഷിണത്തിനുശേഷം മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. തലശ്ശേരിയില്‍ ശ്രീകൃഷ്ണ ഗോപികാ വേഷങ്ങള്‍ ധരിച്ച് ആയിരക്കണക്കിന് ബാലികാ ബാലകന്മാരുടേയും അമ്മമാരുടേയും നിരവധി നിശ്ചല ദൃശ്യങ്ങളോടെയും അകമ്പടിയോടെ നടന്ന ശോഭായാത്ര വീക്ഷിക്കാന്‍ പതിനായിരങ്ങളാണ് നഗരവീഥികളില്‍ കാത്തിരുന്നത്. വാടിക്കല്‍ ശ്രീലക്ഷ്മി നരസിംഹക്ഷേത്രം, തലായി ശ്രീകുറുംഭ ഭഗവതിക്ഷേത്രം, ഇടത്തില്‍ അമ്പലം ചിറമ്മല്‍ നാരായണ ഗുരുകുലം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ തലശ്ശേരി ഫ്‌ളൈ ഓവറിനടുത്ത് സംഗമിച്ച് മഹാശോഭയാത്രയായി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ശോഭായാത്രയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സി.ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെകൃഷ്ണദാസ്, അഡ്വ.സി.കെ.ശ്രീനിവാസന്‍, എ.അശോകന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പയ്യന്നൂരില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്ര തായന്നേരി തുളുവന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു. എം.തമ്പാന്‍, പി.രാജേഷ്‌കുമാര്‍, ബിജു ആലക്കാട്, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, കെ.രമേശന്‍ മാസ്റ്റര്‍, കെ.യു.സഹദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബാലഗോകുലം സംസ്ഥാന സമിതി അംഗം കെ.മോഹന്‍ദാസ് സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post