ചാല ദുരന്തം: ഐ.ജി ബി സന്ധ്യ കണ്ണൂരില്‍

കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഐ.ജി ബി സന്ധ്യ കണ്ണൂരിലെത്തി. ദുരന്ത ബാധിത പ്രദേശങ്ങളും, പരിക്കേറ്റവരേയും സന്ദര്‍ശിച്ചു. അതേസമയം തീപിടിത്തത്തില്‍ പൂര്‍ണമായി കത്താത്ത ചില വീടുകളില്‍ വീണ്ടും താമസം തുടങ്ങാന്‍ അറ്റകുറ്റപ്പണികള്‍ക്ക് ഒരുക്കം തുടങ്ങിയിട്ടുണ്ട്. നാശനഷ്ടം നേരിട്ട കച്ചവട സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാനുള്ള നീക്കങ്ങളും നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ചാല ദുരിത ബാധിത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പും സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്തം നേരിട്ടു കണ്ട നാട്ടുകാരുടെ മാനസികാഘാതം കുറയ്ക്ക#ുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ചാലയിലെത്തിയത്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കാനും, മനഃശാസ്ത്ര കൗണ്‍സലിങ്ങിനും നടപടി തുടങ്ങി. ദുരന്തം നടന്ന സ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലെ താമസക്കാരെ ആരോഗ്യ വകുപ്പു ജീവനക്കാര്‍ സന്ദര്‍ശിച്ചു കണക്കെടുപ്പ് നടത്തി വരികയാണ്. മാനസികാഘാതം അളക്കാന്‍ പ്രത്യേക ചോദ്യാവലിയും ഇവര്‍ തയാറാക്കിയിട്ടുണ്ട്. വീടുകളിലുള്ള എല്ലാ അംഗങ്ങളെയും കണ്ട് സംസാരിച്ച് ചോദ്യാവലി പൂരിപ്പിച്ച ശേഷം മാത്രമേ എത്ര പേര്‍ക്കു കൗണ്‍സലിങ് വേണമെന്നു തീരുമാനിക്കുകയുള്ളൂ. ആരോഗ്യ വകുപ്പു ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ഇതു സംബന്ധിച്ചു പരിശീലനം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണു ജീവനക്കാര്‍ക്കു ശില്‍പ്പശാല നടത്തിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ചോദ്യാവലികള്‍ തയാറാക്കിയിട്ടുണ്ട്. ഉറക്കമില്ലായ്മ, ദുരന്തത്തിന്റെ ഓര്‍മകളില്‍ മുഴുകി മറ്റൊന്നും ശ്ദ്ധിക്കാനോ ചിന്തിക്കാനോ കഴിയാതെ വരിക, തീപ്പൊരിയോ തീയോ കണ്ടാല്‍ പേടി തോന്നുക തുടങ്ങിയ അസ്വാസ്ഥ്യങ്ങള്‍ ഉള്ളവരെ കണ്ടെത്തുകയാണു ചോദ്യാവലിയുടെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 27ന് ഉണ്ടായ ദുരന്തത്തില്‍ 19 പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിനച്ചിരിക്കാത്ത നേരത്ത് കടന്ന് വന്ന മരണം മുന്നില്‍ കണ്ടവര്‍ക്ക് ഇത്തരം സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും സല്‍പ്രവൃത്തികള്‍ ആശ്വാസമേകുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post