കണ്ണൂരില്‍ സമാധാനത്തിനായി സര്‍വകക്ഷി സമാധാന യോഗത്തില്‍ ധാരണ

കണ്ണൂര്‍ : കണ്ണൂരില്‍ അക്രമ പരമ്പരകളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ തയാറാണെന്ന് ചൊവ്വാഴ്ച രാവിലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. കണ്ണൂരില്‍ സമാധാനം പുലര്‍ന്നുകാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി തങ്ങളാലാകുംവിധം പരിശ്രമിക്കാമെന്ന് മുസ്ലിംലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി ഉറപ്പ് നല്‍കിയപ്പോള്‍ സി പി എമ്മിലെ എം വി ഗോവിന്ദന്‍ മാസറ്ററും എഴുന്നേറ്റുനിന്ന് ഇങ്ങിനെ പറഞ്ഞു. കണ്ണൂരിലെ കലങ്ങി മറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സമാധാനത്തിന്റെ കാറ്റ് വീശാന്‍ സിപിഎം അണിനിരക്കും. പോസ്റ്റുമോര്‍ട്ടം ഇനി വേണ്ട, ഇരുനേതാക്കളും ഇങ്ങിനെ പറഞ്ഞപ്പോള്‍ കണ്ണൂരിലെ കലാപ കലുഷിതമായ അന്തരീക്ഷത്തില്‍ സമാധാനത്തിന്റെ കാഹളം മുഴങ്ങുകയായിരുന്നു. തളിപ്പറമ്പില്‍ മുസ്ലിംലീഗും സി പി എമ്മും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിനും അക്രമ പരമ്പരകള്‍ക്കും ഇടയാക്കിയത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് ദുഷ്‌പേര് വീണ കണ്ണൂരിനെ ഇതില്‍ നിന്നും മോചിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും ഇതിനായി ഒറ്റക്കെട്ടായി അണിനിരക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജനങ്ങളില്‍ ബോധവല്‍കരണം നടത്തിയും യോഗങ്ങള്‍ സംഘടിപ്പിച്ചും സമാധാന അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും ധാരണയായി. സി പി എം അക്രമം നിര്‍ത്തിയാല്‍ ഇരുകയ്യും നീട്ടി അംഗീകരിക്കാന്‍ തയാറാണെന്ന് ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു.
സി പി എം ജില്ലാസിക്രട്ടറി പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. മാധ്യമ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തിക്കൊണ്ടായിരുന്നു യോഗം തുടങ്ങിയത്. സി പി എം നേതാവ് എം വി ജയരാജനാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. പോലീസ് നടത്തിയ അതിക്രമങ്ങളെ കുറിച്ച് ജയരാജന്‍ വിശദീകരിച്ചു. ഇതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേര് ജയരാജന്‍ എടുത്തുപറഞ്ഞപ്പോള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ഇടപെട്ടു. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് ഇത്തരം യോഗങ്ങളില്‍ വിമര്‍ശിക്കരുതെന്നും വ്യക്തിഹത്യ നടത്തരുതെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. കൃഷി വകുപ്പ് മന്ത്രി കെ പി മോഹനനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
എം എല്‍ എമാരായ എ പി അബ്ദുള്ളക്കുട്ടി, സണ്ണിജോസഫ്, കെ കെ നാരായണന്‍, കെ എം ഷാജി, സി കൃഷ്ണന്‍, ജയിംസ്മാത്യു എന്നിവരും സി എ അജീര്‍, കെ എം സൂപ്പി, കെ ജെ ജോസഫ്, എല്‍ ഡി എഫിനെ പ്രതിനിധീകരിച്ച് പി കെ ശ്രീമതി, കെ കെ ഷൈലജ, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ പി സഹദേവന്‍,സി രവീന്ദ്രന്‍, സി പി മുരളി, കെ കെ രാമചന്ദ്രന്‍, രാജേഷ് പ്രേം, ഇ പി ആര്‍ വേശാല, കെ കെ ജയപ്രകാശ്, വി വി കുഞ്ഞികൃഷ്ണന്‍, ഹമീദ് ഇരിണാവ്, ഇല്ലിക്കല്‍ അഗസ്തി, മുഹമ്മദ് പാറക്കാട്ട്, അഷ്‌റഫ് പുറവൂര്‍, കെ കെ ജേക്കബ് എന്നിവരും പങ്കെടുത്തു.
യുഡിഎഫിനെ പ്രതിനിധീകരിച്ച് കെ പി നൂറുദ്ദീന്‍, വി കെ അബ്ദുള്‍ഖാദര്‍ മൗലവി, സതീശന്‍ പാച്ചേനി, എം പി മുരളി, അബ്ദുറഹ്മാന്‍ കല്ലായി, കെ എം സൂപ്പി എന്നിവരും ബി ജെ പി യെ പ്രതിനിധീകരിച്ച് കെ രഞ്ചിത്ത്, യു ടി ജയന്തന്‍, ആര്‍ എസ് എസിനെ പ്രതിനിധീകരിച്ച് വത്സന്‍ തില്ലങ്കേരി എന്നിവരും പങ്കെടുത്തു. അഡ്വ. എ ജെ ജോസഫ്,ജോയ്‌സ് പുത്തന്‍പുരക്കല്‍, രാമദാസ് കതിരൂര്‍, കെ പി രമേശന്‍ എന്നിവരും യോഗത്തിനുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാകലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, എസ് പി രാഹുല്‍ ആര്‍ നായര്‍, ഡി വൈ എസ് പി പി സുകുമാരന്‍, ഷൗക്കത്തലി, എ ഡി എം എന്‍ പി മാത്യു, എ എസ് പി ശ്രീനിവാസന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post