Home » , , , , » വി.സി പത്രപ്രവര്‍ത്തക അവാര്‍ഡ് ജലീല്‍ പട്ടാമ്പിക്കും ജലീല്‍ രാമന്തളിക്കും

വി.സി പത്രപ്രവര്‍ത്തക അവാര്‍ഡ് ജലീല്‍ പട്ടാമ്പിക്കും ജലീല്‍ രാമന്തളിക്കും

Written By Unknown on Jul 25, 2012 | 10:32 PM

കണ്ണൂര്‍: അബൂദാബി കെ.എം.സി.സി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നാലാമത് വി.സി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് പ്രമുഖ പ്രവാസി പത്രപ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പിക്കും ജലീല്‍ രാമന്തളിക്കും നല്‍കാന്‍ ജ്യൂറി തീരുമാനിച്ചു. ചന്ദ്രിക പത്രാധിപരായിരുന്ന വി.സി അബൂബക്കര്‍ സാഹിബിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,001 രൂപയും ഉപഹാരവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്.
മിഡിലീസ്റ്റ് ചന്ദ്രിക യു.എ.ഇ എഡിറ്റര്‍ ഇന്‍ ചാര്‍ജാണ് ജലീല്‍ പട്ടാമ്പി. മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍വര്‍മേഷന്‍ സയന്‍സസിന്റെ 'ടുഡേയ്‌സ് ന്യൂസ്' പത്രാധിപ സമിതി അംഗമായിരുന്നു. ദ ഹിന്ദു ദിനപത്രത്തിന്റെ കള്‍ച്ചറല്‍ ഡെസ്‌കില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമം, ഗള്‍ഫ് മാധ്യമം എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. യു.എ.ഇ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
കൈരളി കലാകേന്ദ്രം, കേരള സഹൃദയ മണ്ഡലം, ചിരന്തന സാംസ്‌കാരിക വേദി എന്നിവയുടെ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. തൃശൂര്‍ ചാവക്കാട് അണ്ടത്തോട് സ്വദേശിനി ഫാദില്‍ ആണ് ഭാര്യ. മക്കള്‍: നിദാല്‍, നദ, ഫുആദ്.
ഗള്‍ഫിലെ അറിയപ്പെടുന്ന മലയാളി എഴുത്തുകാരനാണ് ജലീല്‍ രാമന്തളി. പ്രവാസികളുടെ യഥാര്‍ത്ഥ ജീവിതം വരച്ചു കാട്ടുന്ന ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. യു.എ.ഇയുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ രചിച്ചത് ജലീല്‍ രാമന്തളിയാണ്. അഭയം തേടി, സ്‌നേഹം ഒരു കടങ്കഥ, ഇരുള്‍ മൂടിയ വഴിയമ്പലങ്ങള്‍, ഗള്‍ഫ് സ്‌കെച്ച്‌സ്, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ എന്നിവ നോവലുകളാണ്.
മിഡിലീസ്റ്റ് ചന്ദ്രിക അബൂദാബി ബ്യൂറോ ചീഫായ ജലീല്‍ രാമന്തളിക്ക് അബൂദാബി പോലീസിന്റെ പ്രത്യേക അംഗീകാരവും ലഭിച്ചിരുന്നു. പ്രമുഖ വ്യവസായികളായ പത്മശ്രീ എം.എ.യൂസഫലി, പത്മശ്രീ ബി.ആര്‍.ഷെട്ടി എന്നിവരുടെ ജീവചരിത്രവും രചിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ രാമന്തളി സ്വദേശിയാണ്. ഭാര്യ: റഹ്മത്ത്യ മക്കള്‍: സമിയ, സല്‍വ.
മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.പി.വി.സൈനുദ്ദീന്‍, പത്രപ്രവര്‍ത്തകന്‍ കബീര്‍ കണ്ണാടിപ്പറമ്പ്, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി വി.പി.മുഹമ്മദലി മാസ്റ്റര്‍ എന്നിവരടങ്ങിയ ജ്യൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ശരീഫ് സാഗര്‍, നടുക്കണ്ടി അബൂബക്കര്‍, ഇബ്രാഹിം ബേവിഞ്ച എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ വി.സി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ സമ്മാനിച്ചത്.
അബൂദാബിയില്‍ സെപ്റ്റംബര്‍ അവസാനം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഇ.ടി.മുഹമ്മദ് സുനീര്‍, പി.വി.മുഹമ്മദ് നാറാത്ത്, സി.ബി.റാസിഖ് കക്കാട്, താജ് കമ്പില്‍ എന്നിവര്‍ അറിയിച്ചു.
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger