പ്രകൃതിവിരുദ്ധ പീഡനം: കൂടുതല്‍പേര്‍ കുടുങ്ങുന്നു

പെരിങ്ങോം: അരവഞ്ചാലില്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഘത്തിലെ കൂടുതല്‍ പേര്‍ കുടുങ്ങുന്നു. ചൊവ്വാഴ്ച രണ്ടു പേര്‍കൂടി പിടിയിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 20ഓളം പേര്‍ സംഘത്തിലുണെ്ടന്നാണു സൂചന.
അരവഞ്ചാലിലെ പ്രകൃതിവിരുദ്ധ പീഡനവും മൊബൈല്‍ ഫോണിലെ നീലച്ചിത്ര വിതരണവും ഏതാനും വിദ്യാര്‍ഥികളെ മാനസികമായി തകര്‍ക്കുന്ന വിധത്തില്‍ വരെ എത്തിച്ചിരുന്നു. രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണു വിവരം പുറത്തറിഞ്ഞത്.
പെരിങ്ങോം പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണം നിര്‍ജീവമായി. ഇതേതുടര്‍ന്നു ശക്തമായ പ്രതിഷേധമുയര്‍ന്നതിനിടയിലാണു കുറ്റൂരിലെ ചേനന്‍ വീട്ടില്‍ ഷാജി (30), കണ്ണങ്കൈയിലെ കേരവീട്ടില്‍ രതീഷ് (19) എന്നിവരെ കൂടി അറസ്റ്റ് ചെയ്തത്. അരവഞ്ചാല്‍ പുറക്കുന്ന് റോഡിലെ മില്‍ കേന്ദ്രീകരിച്ചാണു സാമൂഹ്യവിരുദ്ധര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ഫ്‌ളോര്‍മില്ലിന്റെ മാനേജരാണ് അറസ്റ്റിലായ ഷാജി. പീഡനവിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് അടച്ചിട്ട മില്ലിനു നേരെ കല്ലേറു നടന്നിരുന്നു. തുടര്‍ന്ന് പോലീസ് മില്ലിനു കാവല്‍ ഏര്‍പെടുത്തിയിരുന്നു.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ അരവഞ്ചാലിലെ കളിസ്ഥലത്തിനു സമീപം മുമ്പ് സന്ധ്യാനേരങ്ങളില്‍ ഒത്തുകൂടിയിരുന്നുവര്‍ ഇപ്പോള്‍ രംഗത്തുനിന്നു മാറിയിരിക്കുകയാണ്. പോലീസ് നടപടി ശക്തമാക്കിയാല്‍ അരവഞ്ചാലിലെ സാമൂഹ്യവിരുദ്ധ സംഘത്തെ ഒതുക്കാമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post