ഒന്നരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശി പിടിയില്‍


പയ്യന്നൂര്‍ : സ്വര്‍ണം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച് ഒന്നരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ കണ്ടോത്ത് ദിനേശ്ഭവന് സമീപം താമസിക്കുന്ന ഇന്ദിരയുടെ മകള്‍ ഐശ്വര്യ (19)യുടെ പരാതിപ്രകാരം പ്രതി തമിഴ്‌നാട് സേലം സ്വദേശി മണികണ്ഠനെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. മൂന്ന് വര്‍ഷം മുമ്പാണ് മണികണ്ഠനും ഐശ്വര്യയും വിവാഹിതരായത്. വിവാഹ സമയത്ത് സ്ത്രീധനം ആവശ്യപ്പെടാതിരുന്ന മണികണ്ഠന്‍ പിന്നീട് പത്ത് പവന്‍ സ്വര്‍ണമാവശ്യപ്പെട്ട് ഐശ്വര്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടത്രെ. ഇവര്‍ക്ക് ഒന്നര വയസുള്ള മകനുണ്ട്. സിദ്ദീശ്വരന്‍. മര്‍ദനം കൂടിയപ്പോള്‍ നാട്ടിലേക്ക് മടങ്ങിയ ഐശ്വര്യക്ക് കുട്ടിയെ നല്‍കാന്‍ മണികണ്ഠനും വീട്ടുകാരും തയാറായില്ലത്രെ. തടങ്കലില്‍ വെച്ച കുട്ടിയെ കിട്ടുന്നതിനായി ഐശ്വര്യ പയ്യന്നൂര്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കോടതി നിര്‍ദേശപ്രകാരം പോലീസ് സേലത്ത് വെച്ച് കുട്ടിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് ഒളിവിലായിരുന്ന മണികണ്ഠന്‍ തിങ്കളിഴ്ച കാലത്ത് കണ്ടോത്തെ വീട്ടിലെത്തി ഐശ്വര്യയെ ക്രൂരമായി മര്‍ദിച്ചത്.
ഇവരെ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദനത്തില്‍ മണികണ്ഠന്റെ സഹോദരിയുമുണ്ടായിരുന്നുവത്രെ. പിടിയിലായ മണികണ്ഠനെയും കുഞ്ഞിനെയും പയ്യന്നൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم