ലോറി ഡ്രൈവറെ കൊള്ളയടിച്ച രണ്ടംഗസംഘം അറസ്റ്റില്‍


തലശേരി: ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവരുടെ കണ്ണില്‍ മുളകുപൊടി വിതറി മൂന്നുലക്ഷം രൂപ കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേരെ സി.ഐ: എം.പി. വിനോദ്കുമാറും സംഘവും അറസ്റ്റ് ചെയ്തു. മംഗലാപുരം പാനെയിലെ മന്‍സൂര്‍ മന്‍സിലില്‍ ഉബൈദുള്ള (27), നല്‍ക്കാറിലെ മുഹമ്മദ് സാദിഖ് (25) എന്നിവരാണ് പിടിയിലായത്. കൊള്ളക്ക് ഇവര്‍ ഉപയോഗിച്ച കെ.എ. 01 എം.എ. 3539 സ്‌കോര്‍പിയോ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ മെയ് ഒന്നിന് പുലര്‍ച്ചെ 2.30 ഓടെ പിണറായി പാറപ്രത്താണ് സംഭവം. ബണ്ട്വാള്‍ ഇന്ദിരാനഗറിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് കൊള്ളക്ക് ഇരയായത്. മംഗലാപുരത്ത് നിന്ന് മത്സ്യം കയറ്റി കൊച്ചിയില്‍ ഇറക്കി പണവുമായി തിരിച്ചുവരികയായിരുന്നു. സ്‌കോര്‍പിയോയുമായി ലോറിയെ പിന്തുടര്‍ന്ന കൊള്ള സംഘം പാറപ്രം റോഡില്‍ സ്‌കോര്‍പ്പിയോ ലോറിക്ക് കുറുകെയിട്ട് ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയിട്ട് മര്‍ദിച്ചവശനാക്കിയ ശേഷം മൂന്ന് ലക്ഷം രൂപ കൊള്ളയടിക്കുകയായിരുന്നു. മര്‍ദനമേറ്റ അബൂബക്കര്‍ സിദ്ദീഖ് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. സംഘത്തിലെ ചിലരെ ഇനി പിടികിട്ടാനുണ്ട്. സംഘം ഉപയോഗിച്ച സ്‌കോര്‍പിയോ മംഗലാപുരത്ത് നിന്ന് വാടകക്ക് എടുത്തതാണ്. അന്തര്‍ സംസ്ഥാന കൊള്ള സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. ഇവര്‍ പിടിയിലായ വിവരം അറിഞ്ഞ് തമിഴ്‌നാട് പോലീസ് തലശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അവിടെ ഇതിന് സമാനമായ കൊള്ളകള്‍ നടന്നിട്ടുണ്ട്. അതില്‍ ഇവര്‍ക്കുള്ള ബന്ധം പരിശോധിക്കാനാണ് തമിഴ്‌നാട് പോലീസ് എത്തുന്നത്. കേരളത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും ഈ സംഘം സമാനമായ രീതിയില്‍ കൊള്ള നടത്തിയതായി സംശയമുണ്ട്. ഡി.വൈ.എസ്.പിയുടെ ഷാഡോ പോലീസിലെ ഹേമരാജ്, വത്സന്‍, ബിജുലാല്‍, അജയന്‍ എന്നിവരും ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم