കണ്ണൂരിലെ പോലീസിനെ തിരുവഞ്ചൂര്‍ കയറൂരി വിട്ടിരിക്കുന്നു: പി ജയരാജന്‍

കണ്ണൂര്‍: എവിടെയും കയറി ആരെയും അറസ്റ്റ് ചെയ്യാനുള്ള ലൈസന്‍സാണ് കണ്ണൂരിലെ പോലീസിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയിരിക്കുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.
ജയില്‍ വളപ്പില്‍ വെച്ച് അകാരണമായി അറസ്റ്റ് ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ വിട്ടയച്ചതിന് ശേഷം കണ്ണൂര്‍ മുന്‍സിപ്പല്‍ ബസ്റ്റാന്റില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കതുകയായിരുന്നു ജയരാജന്‍. ജയില്‍വളപ്പില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് സരിന്‍ശശിയുടെ ജാമ്യ ഉത്തരവുമായാണ് പയ്യന്നൂര്‍ ഏരിയായിലെ പ്രവര്‍ത്തകരായ സുമേഷും, മിഥുനും ജയിലിലെത്തിയത്. ഇവരെയാണ് പോലീസ് നീതി രഹിതമായി അറസ്റ്റ് ചെയ്തത്. ജയില്‍ വളപ്പില്‍ നിന്ന് അറസ്റ്റ് നടത്താന്‍ പോലീസിന് അധികാരമില്ല. നിയമ വിരുദ്ധ പ്രവര്‍ത്തനമാണ് കണ്ണൂരിലെ പോലീസ് നടത്തി കൊണ്ടിരിക്കുന്നത്. ഇവിടെ രണ്ട് തരത്തിലുള്ള നീതിയാണ് നടപ്പാക്കുന്നത്. യൂനിഫോമില്‍ പോലീസിനെ തല്ലിയ കോണ്‍ഗ്രസ് നേതാവ് പി കെ രാഗേഷിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്യുകയാണ്. നിയമ വാഴ്ചയുടെ പേരില്‍ നിയമലംഘന പ്രവര്‍ത്തനമാണ് നടക്കുന്നത്. ലാത്തിചാര്‍ജില്‍ പരിക്കേറ്റ എസ്എഫ്‌ഐ നേതാവ് വിജിനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലെത്തിച്ചതിന് സിപിഐ(എം) നേതാക്കളെ ജയിലിലടക്കുകയാണ് പോലീസ്. ലോക്കപ്പില്‍ മൂന്നാംമുറ പ്രയോഗിക്കുന്ന ഡിവൈഎസ്പിയെ സംരക്ഷിക്കാനാണ് ഒരു പറ്റം വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്ന് വരുമെന്നും ജയരാജന്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സന്തോഷ് അധ്യക്ഷനായി. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം വിജിന്‍ സ്വാഗതം പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post