എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ച കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: എസ്എഫ്‌ഐയുടെ കളക്ടേറ്റ് മാര്‍ച്ചില്‍ അക്രമം നടന്നതിനെ തുടര്‍ന്നു കസ്റ്റഡിയിലെടുത്തവരെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍നിന്നു മോചിപ്പിച്ച സംഭവത്തിലെ പ്രതി സിപിഎം നേതാവായ കണ്ണൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് (47) അറസ്റ്റിലായി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് തയ്യിലിലെ വീട്ടില്‍നിന്നു എസ്‌ഐ സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പുഷ്പരാജിനെ പിടികൂടിയത്. ചെറുത്തുനില്‍പ്പൊന്നും ഇല്ലാതെ പുഷ്പരാജ് അറസ്റ്റിനു വഴങ്ങി.
ജാമ്യമില്ലാവകുപ്പുകള്‍ ഉപയോഗിച്ചാണ് പുഷ്പരാജിനെതിരേ കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തെ കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സിപിഎം കണ്ണൂര്‍ സിറ്റി ലോക്കല്‍ കമ്മിറ്റി അംഗമാണ് പുഷ്പരാജ്. കഴിഞ്ഞ ബുധനാഴ്ച നഗരസഭാ കൗണ്‍സില്‍ യോഗം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ പുഷ്പരാജിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമം നടത്തിയിരുന്നെങ്കിലും വിവരം ചോര്‍ന്നു ലഭിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം മുങ്ങുകയായിരുന്നു.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ജൂണ്‍ 27 നാണ് കളക്ടറേറ്റിലേക്കു മാര്‍ച്ച് നടന്നത്. മാര്‍ച്ചിനിടെ പോലീസിനു നേര്‍ക്ക് കല്ലേറുണ്ടായിരുന്നു. ജലപീരങ്കി വാഹനവും ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തുകയും ലാത്തിയടിയേറ്റ് പരിക്കേറ്റവരടക്കം ഏതാനും പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ സിപിഎം നേതാക്കള്‍ സ്‌റ്റേഷനിലെത്തി പോലീസിനെ ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തകരെ ബലമായി ഇറക്കിക്കൊണ്ടുപോവുകയുമായിരുന്നു.
സിപിഎം നേതാക്കളായ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സഹദേവന്‍, എന്‍. ചന്ദ്രന്‍, വയക്കാടി ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെയുള്ളവരും ഈ കേസില്‍ പ്രതികളാണ്. ഡിവൈഎഫ്‌ഐ നേതാവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ.കെ. വിനീഷിനെ ഈ കേസില്‍ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെയും ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post