ഹോട്ടലുകളിലെ റെയ്ഡ് തുടരുന്നു,തലശേരിയില്‍ മുട്ടകറിയില്‍ ചത്ത പല്ലി

കണ്ണൂര്‍: തിരുവനന്തപുരത്തു ഷവര്‍മയില്‍നിന്നുള്ള ഭക്ഷ്യവിഷബാധയെ തുടര്‍ന്നു യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി ഫുഡ് സേഫ്റ്റി സ്‌ക്വാഡ് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നടത്തിവരുന്ന പരിശോധന ജില്ലയില്‍ വെളളിയാഴ്ചയും തുടര്‍ന്നു. ഇതിനിടെ തലശേരിക്കടുത്ത കൊളശേരിക്കടുത്ത ഒരു ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടക്കറിയില്‍ ചത്ത പല്ലിയെ കണെ്ടത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്നു ഫുഡ് സേഫ്റ്റി സ്‌ക്വാഡംഗമായ ഫുഡ് ഇന്‍സ്‌പെക്ടര്‍ മുസ്തഫ സ്ഥലത്തെത്തി കറിയുടെ സാമ്പിള്‍ ശേഖരിച്ചു പരിശോധനയ്ക്കയച്ചു. കൊളശേരിയിലെ റോഷ്‌നി ഹോട്ടലില്‍ നിന്നും കൊളശേരി പ്രണാം വീട്ടില്‍ പ്രഭാകരന്‍ വാങ്ങിയ മുട്ടക്കറിയിലാണു ചത്ത പല്ലിയെ കണെ്ടത്തിയത്. വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്കായി ഹോട്ടലില്‍നിന്ന് അപ്പവും മുട്ടക്കറിയും വാങ്ങിയിരുന്നു. തൊഴിലാളികള്‍ ഈ ഭക്ഷണം കഴിക്കുമ്പോഴാണു കറിയില്‍ ചത്ത പല്ലിയെ കണെ്ടത്തിയത്. ഇക്കാര്യം ഹോട്ടലുടമയെ അറിയിച്ചപ്പോള്‍ തൊഴിലാളികള്‍ ഇട്ടതായിരിക്കുമെന്നായിരുന്നു ഹോട്ടലുടമയുടെ മറുപടി. തുടര്‍ന്നു ആരോഗ്യവിഭാഗം അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
കണ്ണൂര്‍ മുനിസിപ്പാലിറ്റി പരിധിയിലെ വിവിധ ഇടങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷണം എവിടെയും കണെ്ടത്തിയില്ല. ഗുണമേന്മയില്ലാത്തതും ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുന്നതുമായ വ്യാജ ഐസ്‌ക്രീമുകള്‍, പാല്‍, പാലുത്പന്നങ്ങള്‍ എന്നിവ അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കു വ്യാപകമായി എത്തുന്നതായും സ്‌ക്വാഡിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂള്‍ബാറുകള്‍ ഉള്‍പ്പെടെയുള്ള വില്പന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.

തളിപ്പറമ്പിലെയും മട്ടന്നൂരിലെയും ഹോട്ടലുകളില്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. തളിപ്പറമ്പ് ഹൈവേയിലെ ഹോട്ടല്‍ പ്ലാസ, ഫുഡ് ഹൗസ്, ഹോട്ടല്‍ സാമ്രാട്ട്, കുപ്പത്തെ ഒരു മിക്‌സ്ചര്‍ ഉത്പാദന യൂണിറ്റ് എന്നിവിടങ്ങളില്‍ നിന്നാണു പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ. ശ്രീനിവാസന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. വേലായുധന്‍, എം.വി. സൂരജ്, പി.ആര്‍. സ്മിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മട്ടന്നൂര്‍ നഗരത്തിലെ എട്ടോളം ഹോട്ടലുകളില്‍ പരിശോധന നടത്തിയെങ്കിലും രണ്ടു ഹോട്ടലുകളില്‍ നിന്നു മാത്രമാണു പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. ചോറ്, മത്സ്യം, കോളിഫ്‌ളവര്‍ തുടങ്ങിയവയാണു പരിശോധനയില്‍ പിടിച്ചെടുത്തത്. രണ്ടുമാസം മുമ്പ് നഗരസഭ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഹോട്ടലില്‍നിന്നു പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഉദ്യോഗസ്ഥര്‍ ടൗണിലെ ഷവര്‍മ കടകളില്‍ നടത്തിയ പരിശോധന പ്രഹസനമായിരുന്നു. പരിശോധനാ വിവരം ചോര്‍ന്നതാണു ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണം ലഭിക്കുന്നതു കുറഞ്ഞത്.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയ്ക്കിടെ നഗരത്തിലെ ഒരു പ്രധാന ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരസഭാ ആരോഗ്യവിഭാഗം ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ. കുഞ്ഞിരാമന്‍, പി.പി. അജയകുമാര്‍, പി.ജി. അജിത്ത്, സി. ഹംസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചിറയ്ക്കല്‍ പഞ്ചായത്തിലെ പുതിയതെരുവിലുള്ള ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. പാലസ്, ലക്ഷ്മീകൃഷ്ണ എന്നീ ഹോട്ടലുകളില്‍നിന്നും ഷിജില്‍ കൂള്‍ബാര്‍, ജസ്‌നി ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളില്‍നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. ഹോട്ടലുകളില്‍നിന്നു ചോറ്, ബീഫ്, സാമ്പാര്‍, മത്സ്യക്കറി എന്നിവയും കൂള്‍ബാറുകളില്‍നിന്നും പഴകിയ ഫ്രൂട്ട് സലാഡ്, ജ്യൂസുകള്‍ തുടങ്ങിയവയും പിടികൂടി. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.സത്യന്‍, സുനില്‍രാജ്, നസീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post