ഗസലിന്റെ കുളിര്‍മഴ പെയ്യിപ്പിച്ച് അനില്‍ദാസിന്റെ യാദോം കി ബര്‍സാത്ത്

തലശേരി: ഗസലിലൂടെ സംഗീത മഴ പെയ്തു തീര്‍ത്ത ഉസ്താദ് മെഹദി ഹസന്റെ മധുരമുളള ഓര്‍മ്മകള്‍ക്ക് മുന്നില്‍ മഴക്കാല രാവ് ധന്യമായി. മെഹ്ദി ഹസന്റെ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ യാദോം കി ബര്‍സാത്ത് പരിപാടി സംഗീതപ്രേമികളുടെ മനസ്സില്‍ ഓര്‍മകളുടെ മഴപ്പെയ്ത്ത് സൃഷ്ടിച്ചു. സ്‌പോര്‍ട്ടിങ് യൂത്ത്‌സ് ലൈബ്രറി സംഘടിപ്പിച്ച പരിപാടിയില്‍ ലൈബ്രറിയുടെ ഹിന്ദുസ്ഥാനി സംഗീത വിഭാഗം അധ്യാപകന്‍ കോഴിക്കോട് സി.എസ്. അനില്‍ദാസാണ് ഗസല്‍ ആലാപനത്തിലൂടെ ആസ്വാദകരില്‍ കുളിര്‍മഴ പെയ്യിച്ചത്.
ആഹിര്‍ ഭൈരവ് രാഗത്തില്‍ ഹമേ കോയി ഹം നഹീ ഥാ..., യമന്‍ കല്യാണില്‍ രന്‍ജിഷീസഹി ..., പ്രഭാതിയില്‍ അബ്‌കെ ഹംബിഛ്‌ഡെ... എന്നീ ഗസലുകളുടെ ആലാപനത്തില്‍ സദസ്യര്‍ നിശബ്ദരായി സ്വയം മറന്നു. സംഗീത വിദ്യാര്‍ഥികളായ ആര്യ രമേഷ്, ഡോ. ശ്രീദേവി, ജയശ്രീ എന്നിവരും ഗസല്‍ ആലാപനത്തില്‍ പങ്കാളികളായി. ഗിറ്റാറില്‍ എ.ജി. അനില്‍കുമാര്‍ കോഴിക്കോടും തബലയില്‍ എം.പ്രദീപ് കുമാറും അകമ്പടിക്കാരായി. സ്‌പോര്‍ട്ടിങ് യൂത്ത്‌സ് ലൈബ്രറി സെക്രട്ടറി സി.വി. സുധാകരന്‍, ഡോ. എന്‍. സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post