ഫസലിന്റെ സുഹൃത്തുക്കളുടെ മരണങ്ങള്‍ക്കു പിന്നിലും സി.പി.എം എന്നാരോപണം

തലശ്ശേരി: സി.പി.എം. നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള തലശ്ശേരിയിലെ ഫസല്‍ വധം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയില്‍ ഫസലിന്റെ സുഹൃത്തുക്കളും സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുമായ റയീസിന്റെ ദുരൂഹ മരണവും ജിജേഷിന്റെയും സലീമിന്റെയും കൊലപാതകവും പുനരന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ വലിയ പൊട്ടിത്തെറികളുണ്ടായേക്കും. 
കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഉസ്സന്‍മൊട്ട സബീറാമന്‍സിലില്‍ യു.കെ.സലീമി(32)ന്റെ പിതാവ് കെ.പി.യൂസഫാണ് സി.ബി.ഐ. അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. മൂന്നു മരണങ്ങള്‍ക്കുപിന്നിലും സി.പി.എം. പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി യൂസഫ് പറയുന്നു.
ഫസല്‍ വധത്തിനുശേഷം കൊല്ലപ്പെട്ട ന്യൂമാഹി ഏടന്നൂരിലെ നാമത്ത് റയീസ്, നങ്ങാറത്തുപീടിക ജിജേഷ് നിവാസില്‍ കെ.പി.ജിജേഷ് എന്നിവരുടെ മരണവും ഇതോടൊപ്പം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സലീമിന്റെ പിതാവ് നിയമനടപടിക്കൊരുങ്ങുന്നത്.
കൊല്ലപ്പെടുന്നതിനുമുമ്പ് സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന ഫസലിന്റെ സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്നു റയീസും ജിജേഷും സലീമും. ഫസല്‍ സി.പി.എം. വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സുഹൃത്തുക്കളായ മൂവരും ശ്രമം നടത്തിയിരുന്നു.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ ഫസല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റയീസ് പാര്‍ട്ടിപ്രവര്‍ത്തനം നിര്‍ത്തി. ഗള്‍ഫിലേക്ക് പോകാനൊരുങ്ങുന്നതിനിടെ 2008 ജനവരി 26ന് റെയില്‍പ്പാളത്തിലാണ് റയീസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ന്യൂമാഹി ഏടന്നൂര്‍ വായനശാലക്കു സമീപമുള്ള പാളത്തില്‍ രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടത്.
ഇതേത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ജിജേഷ് നങ്ങാറത്തുപീടിക ഓവുപാലത്തിനു സമീപം വെട്ടേറ്റു മരിച്ചു. ജനവരി 27ന് പുലര്‍ച്ചെ 1.30ന് ഒരു സുഹൃത്തിന്റെ സഹോദരിയുടെ കല്ല്യാണത്തിന് പോയി മടങ്ങുന്നതിനിടെയാണ് ജിജേഷ് കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസ് നേതൃത്വത്തിലുള്ള കേസന്വേഷണം നീണ്ടുപോയി. ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികളെന്ന് തുടര്‍ന്ന് െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസ് വിചാരണക്കൊരുങ്ങുകയാണ്.
മാസങ്ങള്‍ക്കുശേഷം ജൂലായ് 23ന് രാത്രി 8.30ന് പവര്‍കട്ട് സമയത്താണ് യു.കെ.സലീം വെട്ടേറ്റു മരിച്ചത്. വീടിനു സമീപം ഉസ്സന്‍മൊട്ടയിലായിരുന്നു സലീമിന്റെ അന്ത്യം. ഗള്‍ഫിലേക്ക് പോകാന്‍ പാസ്‌പോര്‍ട്ടും വിസയും ഒരുക്കിയതിനു തൊട്ടു പിന്നാലെയാണ് സലീം കൊല്ലപ്പെട്ടത്. എന്‍.ഡി.എഫ്. പ്രവര്‍ത്തകരായ എട്ട് പേരാണ് ഈ കേസില്‍ പ്രതിസ്ഥാനത്തുള്ളത്.
മൂന്നു കൊലപാതകങ്ങളിലും സത്യസന്ധമായ അന്വേഷണം ഇതേവരെ നടന്നിട്ടില്ലെന്ന് യൂസഫ് ആരോപിക്കുന്നു. സി.പി.എം. പ്രവര്‍ത്തകര്‍തന്നെയാണ് കൊലപാതകങ്ങള്‍ക്കു പിന്നിലെന്ന് അറിയുന്നു. ഇതുസംബന്ധിച്ച് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും താന്‍ പരാതി നല്കിയിരുന്നു. മൂന്നുപേരും മരിച്ചത് ദുരൂഹസാഹചര്യത്തിലാണ്. ഇതിനാലാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്‌യൂസഫ് പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് യൂസഫ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post