രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഭിന്നത ഇടതുപക്ഷ ഐക്യത്തെ ബാധിക്കില്ല: ഡി രാജ

കണ്ണൂര്‍: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വ്യത്യസ്ത നിലപാടുകള്‍ ഇടതുപക്ഷ ഐക്യത്തെ ബാധിക്കില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ഡി രാജ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയില്‍ സിപിഐ എമ്മിനും സിപിഐക്കും വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അവകാശമുണ്ട്. യുപിഎ സര്‍ക്കാരിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഈ അഭിപ്രായവ്യത്യാസം ഘടകമാവില്ല. അതുകൊണ്ടുതന്നെ ഇടതുപക്ഷ ഐക്യനിരയില്‍ ഭിന്നതയുണ്ടെന്ന് പറയാനാവില്ലെന്നും രാജ പറഞ്ഞു. കണ്ണൂരില്‍ എന്‍ഇ ബലറാം- പി പി മുകുന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരാളെ പിന്തുണക്കുമ്പോള്‍ അതില്‍ രാഷ്ട്രീയമായ ഉള്ളടക്കം വേണം എന്നതാണ് സിപിഐ നിലപാട്. വടക്കു നിന്നുള്ളയാളെന്നും തെക്ക് നിന്നുള്ളയാള്‍ എന്നുമുള്ള പരിഗണയില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്കാവില്ല. നവഉദാര നയങ്ങളുടെ വക്താക്കളാണെന്ന ബോധ്യത്തിലാണ് സിപിഐ പ്രണാബിനെയും സങ്മയെയും പിന്തുണക്കാത്തത്. ഇടതുപക്ഷ ഐക്യനിരക്ക് എല്ലാ പ്രശ്‌നങ്ങളിലും ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും രാജ പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പി പി മുകുന്ദന്‍ സ്മാരക എന്‍ഡോവ്‌മെന്റ് സമ്മാനിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വി ചിഞ്ചുഷ(അഴീക്കോട്), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം രസിന(വെള്ളൂര്‍), കെ ഐശ്വര്യ(ചിറക്കല്‍) എന്നിവര്‍ എന്‍ഡോവ്‌മെന്റ് ഏറ്റുവാങ്ങി. സി എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. ആനി രാജ, സി പി മുരളി, സി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളോറ രാജന്‍ സ്വാഗതവും എം ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post