കേരള രാഷ്ട്രീയത്തെ വര്‍ഗീതയിലേക്ക് തിരിച്ചുവിടാന്‍ ശ്രമം: എം വി രാഘവന്‍

കണ്ണൂര്‍: സമൂഹത്തിലെ വര്‍ഗീയ ധ്രുവീകരണത്തെ മതേതര പ്രസ്ഥാനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍. പുതുവേഷത്തില്‍ വരാനാണ് എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും ശ്രമം. ഇതിനു സമാനമാണ് മുസ്‌ലിം ഏകോപന സമിതിയുടെ രൂപീകരണവും. കേരള രാഷ്ട്രീയത്തെ വര്‍ഗീതയിലേക്ക് തിരിച്ചുവിടാനാണ് ഇവരുടെ ശ്രമമെന്നും എം വി ആര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വ്യക്തിപരമായി യോഗ്യനാണെങ്കിലും കാര്യങ്ങള്‍ നടപ്പാക്കാന്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന് വിവരം പോരെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള അഴിമതികള്‍ അന്വേഷിക്കണമെന്നും നിലവിലുള്ള ഭരണസമിതി പിരിച്ചുവിടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ട് നടപടിയില്ല എന്നതിനെക്കുറിച്ച് തനിക്കറിയില്ല. മെഡിക്കല്‍ കോളജ് ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അഭിപ്രായമില്ല. ഉചിതമായ നടപടി സ്വീകരിക്കണമെന്നു മാത്രം. അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെങ്കിലും യു.ഡി.എഫില്‍ ചില പോരായ്മകളുണ്ട്. മുന്നണി വിടുന്ന കാര്യം ഭാവിയില്‍ ആലോചിക്കാമെന്നും എം വി ആര്‍ പറഞ്ഞു. സി.പി.എം പ്രതിസ്ഥാനത്തുള്ള അഴീക്കോട്ടെ ദുരൂഹമരണങ്ങളെക്കുറിച്ച് പുനരന്വേഷിക്കണമെന്ന് എം വി രാഘവന്‍ ആവശ്യപ്പെട്ടു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post