പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്ന നയം അനുവദിക്കില്ല: സി എന്‍ ചന്ദ്രന്‍

തലശ്ശേരി: സംഘടനാപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്ന നയം അനുവദിക്കില്ലെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍ പറഞ്ഞു. തലശ്ശേരിയില്‍ എ ഐ വൈ എഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് സി പി ഐ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ഐ വൈ എഫ് ആഗസ്റ്റ് 15ന് കണ്ണൂരിലും തലശ്ശേരിയിലും സംഘടിപ്പിക്കുന്ന ദേശാഭിമാനസംഗമത്തിന്റെ പ്രചരണബോര്‍ഡുകളാണ് പൊലീസ് എടുത്തുകൊണ്ടുപോയത്. അത് അന്വേഷിക്കാന്‍ പോയ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. സമാധാനപരമായ സംഘടനാപ്രവര്‍ത്തനം അനുവദിക്കാത്ത അവസ്ഥ കേരളത്തില്‍ നടപ്പില്ല. പൊലീസുകാരില്‍ ക്രിമിനലുകള്‍ ഉള്ളതായി കോടതി തന്നെ പറഞ്ഞു. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ പൊലീസ് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെതിരെ സമരം നടത്തുന്നവരെ അടിച്ചമര്‍ത്താനാണ് കേരളത്തിലെ പൊലീസിന്റെ നീക്കം. പാര്‍ട്ടി പരിപാടികളുടെ ബോര്‍ഡുകള്‍ നശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് ഒരു രോഗലക്ഷണമാണ്. പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും പരിപാടികള്‍ നടക്കുമ്പോള്‍ ഇനിയും തലശ്ശേരിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. സമാധാനപരമായ സംഘടനാപ്രവര്‍ത്തനം അനുവദിക്കാത്ത പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിലപാടില്‍ പൊതുസമൂഹം പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി പി ഷൈജന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്രദീപ് പുതുക്കുടി സ്വാഗതം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപന്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ഇ ഡി മഗേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم