കേരളത്തില്‍ വിദ്യാഭ്യാസം പണമുണ്ടാക്കാനുളള വ്യവസായമായി മാറി: ഇ പി ജയരാജന്‍

കണ്ണൂര്‍: കേരളത്തില്‍ വിദ്യാഭ്യാസം പണമുണ്ടാക്കാനുളള വ്യവസായമായി മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു.അധ്യാപകനെ ചവിട്ടിക്കൊന്ന പാര്‍ട്ടി വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. വിദ്യഭ്യാസത്തെ വര്‍ഗീയവത്കരിക്കാനും സ്വകാര്യവത്കരിക്കാനും കച്ചവടവത്കരിക്കാനും വകുപ്പ് ലീഗിന് വിട്ടുകൊടുത്തത് കോണ്‍ഗ്രസാണ്. സുപ്രധാന വകുപ്പുകളെല്ലാം ലീഗ് കൈയടക്കി. നാടകാഭിനയത്തിനും കഥകളിക്കും പറ്റിയ ചില വകുപ്പുകള്‍ മാത്രമെ കോണ്‍ഗ്രസിനുള്ളൂ. കെഎസ്ടിഎ സംഘടിപ്പിച്ച കണ്ണൂര്‍ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ കാഴ്ചപ്പാട് നല്ലരീതിയില്‍ അവതരിപ്പിച്ച ഒട്ടേറെ പ്രഗത്ഭര്‍ വകുപ്പ് കൈയാളിയിരുന്നു. അവരുടെ ശ്രമഫലമായി ഒട്ടേറെ നേട്ടങ്ങളുണ്ടായി. എന്നാല്‍ ഇപ്പോള്‍ കരിക്കുലം കമ്മിറ്റിയില്‍ പോലും വിദ്യാഭ്യാസത്തെ ലാഭക്കച്ചവടമായി കണുന്നവരും വര്‍ഗീയമായി സമീപിക്കുന്നവരുമാണ്. അന്തവിശ്വാസവും അനാചരം പ്രചരിപ്പിക്കലാണ് ഇവരുടെ പണി.വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക്ക് പണ്ഡിതരും ഇരുന്ന കമ്മിറ്റികളില്‍ മുഴുവന്‍ പച്ചക്കുപ്പായക്കാരെ തിരുകികയറ്റിയിരിക്കയാണ്.വര്‍ഗീയവത്കരണത്തിന് ആക്കം കൂട്ടുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. കുട്ടികളുടെ ബുദ്ധിപരമായ വളര്‍ച്ചക്ക് അനുസൃതമായി വിദ്യാഭ്യാസത്തെ കാലോചിതമായി മുന്നോട്ട് നയിക്കുകയും അതിന് ഉതകുന്ന നയങ്ങളുമാണ് നടപ്പിലാക്കേണ്ടത്.
വിദ്യാഭ്യാസത്തെ പണം സമ്പാദിക്കാനുള്ള ഉപകരണമാക്കി മാറ്റിയതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടം. മുമ്പ് പണമുണ്ടാക്കുന്നതിനുള്ള എളുപ്പവഴി വിദേശമദ്യ കച്ചവടമായിരുന്നു. ഇപ്പോള്‍ പ്രയാസമില്ലാതെ സ്വത്ത് സമ്പാദിക്കാനുള്ള മാര്‍ഗം വിദ്യാഭ്യാസ കച്ചവടമാണ്. ഇതിന് പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അധ്യാപക പരിശീലനം അവസാനിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടക്കി. അധ്യാപകരുടെ പെന്‍ഷന്‍ ഇല്ലതാക്കാന്‍ ശ്രമമുണ്ട്. ശമ്പളം വരെ കിട്ടുമെന്ന് ഉറപ്പില്ല.- ജയരാജന്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post