രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ്: അഡ്വ. കെ.കെ.ബാലറാം

കണ്ണൂര്‍: ജമ്മകാശ്മീരിനെ വെട്ടിമുറിച്ച് പാക്കിസ്ഥാന് ദാനം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജമ്മുകാശ്മീര്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ധര്‍ണ ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന ഉത്തരവാദി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബാലറാം പറഞ്ഞു. പ്രശ്‌നങ്ങള്‍ നിസ്സാരവല്‍ക്കരിച്ച് കോണ്‍ഗ്രസ് അതിനെ സങ്കീര്‍ണമാക്കുകയായിരുന്നു. കാശ്മീര്‍ വിഷയത്തിലും കോണ്‍ഗ്രസ് നയം ഇതുതന്നെയായിരുന്നു. വിഘടനവാദികളെ കോണ്‍ഗ്രസ് ശക്തമായി നേരിട്ടില്ല. മൃദുസമീപനം സ്വീകരിച്ചുവെന്ന് ബാലറാം കുററപ്പെടുത്തി.
ഭാരതത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വെട്ടിമുറിക്കുകയായിരുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെ നയമാണ് ഭാരതത്തെ വിഭജിക്കാന്‍ കാരണമായത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലടിക്കാന്‍ കാശ്മീരിനെ തര്‍ക്കപ്രദേശമായി നിലനിര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത്, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ബാലന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.ആര്‍.അനില്‍, എബിവിപി ജില്ലാ കണ്‍വീനര്‍ കെ.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്‍, വി.ശശിധരന്‍, എ.രഞ്ജിത്ത്, എ.പി.പുരുഷോത്തമന്‍, എ.നാരായണന്‍ തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി. വിഭാഗ് ബൗദ്ധിക് പ്രമുഖ് സജീവന്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ. ജയപ്രകാശ് നന്ദിയും പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post