മാറ്റുകുറഞ്ഞ സ്വര്‍ണം നല്‍കി തട്ടിപ്പ് നടത്തിയ പയ്യന്നൂര്‍ സ്വദേശി മഞ്ചേരിയില്‍ പിടിയില്‍

മഞ്ചേരി: മാറ്റുകുറഞ്ഞ സ്വര്‍ണം ജ്വല്ലറിയില്‍ നല്‍കി തട്ടിപ്പ് നടത്തിയ സംഘത്തെ മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സജി (42), കാസര്‍കോട് കാഞ്ഞങ്ങാട് കോറോത്ത് പറമ്പ് അസ്മ എന്ന ആയിശ (32) എന്നിവരാണ് പിടിയിലായത്. ഇവരെ മഞ്ചേരി സി.ജെ.എം കോടതി റിമാന്റ് ചെയ്തു.
സ്വര്‍ണപ്പണിക്കാരനായ സജി നിര്‍മിക്കുന്ന മാറ്റ് കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറികളില്‍ വില്‍പന നടത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ജ്വല്ലറികളിലേക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാറുള്ള സജി മാറ്റ് അളക്കാന്‍ ഉരസി നോക്കാറുള്ള ഭാഗങ്ങളില്‍ മാറ്റ് കൂടുതലുള്ള സ്വര്‍ണവും അല്ലാത്തിടത്ത് മാറ്റ് കുറഞ്ഞ സ്വര്‍ണവും ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മിക്കും. സ്വര്‍ണാഭരണം ഉരസി നോക്കുമ്പോള്‍ മാറ്റ് കുറവ് ജ്വല്ലറിക്കാര്‍ അറിയുകയില്ല. ഇത് കടകളില്‍ വില്‍പന നടത്തിയിരുന്നത് ആയിശയാണ്. പതിനാലു വയസ്സുകാരനായ ബാലനെയും കൂടെക്കൂട്ടിയാണ് ആയിശ ജ്വല്ലറികളില്‍ എത്താറ്. സ്വര്‍ണം കൊടുത്ത് ബാലന് ചെറിയ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങിക്കുകയും ബാക്കി തുക കൈപ്പറ്റുകയും ചെയ്യുകയാണ് പതിവ്.
മഞ്ചേരിയിലെ അപ്പോളോ, മലബാര്‍ ഗോള്‍ഡ് എന്നീ ജ്വല്ലറികളിലും കൊണ്ടോട്ടി, തൃശൂര്‍ എന്നിവിടങ്ങളിലും ഇവര്‍ ഇത്തരം തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post