ഒളിമങ്ങാത്ത ഓര്‍മകളുമായി അറയ്ക്കല്‍ സംഗമം

കണ്ണൂര്‍: മഹത്തായ പൈതൃകത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളുമായി അറയ്ക്കല്‍ രാജകുടുംബാംഗങ്ങള്‍ കണ്ണൂരില്‍ ഒത്തുചേര്‍ന്നു. കേരളത്തിലെ ഏക മുസ്‌ലിം രാജവംശ പരമ്പരയിലെ 200 ഓളം അംഗങ്ങളാണു കുടുംബസംഗമത്തില്‍ പങ്കാളികളായത്. വിദേശത്തു നിന്നടക്കമുള്ള കുടുംബാംഗങ്ങള്‍ ഏറെക്കാലത്തിനു ശേഷം ഒത്തൊരുമിച്ചപ്പോള്‍ പുതുതലമുറയില്‍പ്പെട്ടവര്‍ക്കെല്ലാം അതൊരു കൗതുകമായി.
മുതിര്‍ന്ന കുടുംബാംഗമായ 92 വയസ് പിന്നിട്ട കണ്ണൂര്‍ പയ്യമ്പലത്തെ നഫീസമുത്തു ബീവി മുതല്‍ ഇളംതലമുറയിലെ എ.ആര്‍. അഷ്‌റഫിന്റെ മകന്‍ മൂന്നുമാസം പ്രായമുള്ള ഹാറൂണ്‍ റഷീദ് വരെയുള്ളവര്‍ രാജകുടുംബത്തിലെ വിവിധതലമുറകളെ പ്രതിനിധാനം ചെയ്യുന്നവരായി. ഗള്‍ഫ് നാടുകളിലും യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുമായ നിരവധിപേരും സംഗമത്തിനെത്തി.
അറയ്ക്കല്‍ കുടുംബാംഗങ്ങളിലൊരാളുടെ മരണത്തെ തുടര്‍ന്നു ലളിതമായ ചടങ്ങുകളോടെ നടത്തിയ സംഗമം എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വിവിധ തുറകളില്‍ സേവനമനുഷ്ടിക്കുന്നവരെയും കുട്ടികളെയുമെല്ലാം ചടങ്ങില്‍ ആദരിച്ചു. കണ്ണൂര്‍ സിറ്റി എസ്‌ഐ എ. കുട്ടികൃഷ്ണന്‍ ഉപഹാരവിതരണം നടത്തി. പ്രഫ. മുഹമ്മദ് കോയമ്മ, ബിജു ആദിരാജ, വി.എം. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post