ഷുക്കൂര്‍ വധം: സുമേഷിനെ കീഴറയില്‍ കൊണ്ട് വന്ന് തെളവെടുപ്പ് നടത്തി

കണ്ണൂര്‍: പട്ടുവം അരിയിലിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്‌ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കിഴക്കെവളപ്പില്‍ സുമേഷിനെയും കൊണ്ട് ശനിയാഴ്ച രാവിലെ വളപട്ടണം സി.ഐ.യു. പ്രേമന്‍ കീഴറയില്‍ എത്തി തെളിവെടുപ്പ് നടത്തി.
അതേ സമയം കൊലയുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്താനിരുന്ന ടി.വി. രാജേഷ് എംഎല്‍എയെ ചോദ്യം ചെയ്യുന്നത് ജൂലൈ ഒന്നിലേക്ക് മാററി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ രണ്ടാഴ്ചത്തേയ്ക്കു നീട്ടിയത്. ജയരാജനെ 22 നു വീണ്ടും ചോദ്യം ചെയ്ത ശേഷം രാജേഷ് എംഎല്‍എയെ ചോദ്യം ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്നതിനാലാണ് നീട്ടിവയ്ക്കാന്‍ കാരണമെന്നാണ് സൂചന. നിയമസഭാ സമ്മേളനത്തിനിടെ എംഎല്‍എയെ ചോദ്യചെയ്യുന്നത് പരമാവധി ഒഴിവാക്കാനും ഇതുവഴി സാധിക്കും.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ചോദ്യംചെയ്തതിനു പിന്നാലെ ഓഫീസ് ജീവനക്കാരേയും ശനിയാഴ്ച ചോദ്യം ചെയ്തു. ആശുപത്രിയിലെ അറ്റന്‍ഡര്‍മാരായ ജയന്‍, സുരേഷ് എന്നിവരെയാണു കണ്ണൂര്‍ ഡിവൈഎസ്പി പി. സുകുമാരന്‍, സിഐ സി.എ. അബ്ദുള്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തത്. ഉച്ചകഴിഞ്ഞു മൂന്നോടെ സിഐ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. അരിയിലെ അക്രമത്തില്‍ പരിക്കേറ്റു തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 ാം നമ്പര്‍ മുറിയില്‍ കഴിഞ്ഞിരുന്ന ജയരാജനെയും ടി.വി. രാജേഷിനെയും കാണാന്‍ വന്നവരെക്കുറിച്ചാണ് പ്രധാനമായും ചോദിച്ചത്. ഈ സമയം ആശുപത്രിയിലെത്തിയ രണ്ടു മാധ്യമപ്രവര്‍ത്തകരില്‍നിന്നും പോലീസ് മൊഴിയെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post