കണ്ണൂരില്‍ എസ് ബി ഐ അഞ്ച് ശാഖകൂടി തുടങ്ങും

കണ്ണൂര്‍: കണ്ണൂരില്‍ എസ് ബി ഐ അഞ്ച് ശാഖകള്‍കൂടി തുടങ്ങുന്നു. നിലവില്‍ 17 ശാഖകളാണ് ജില്ലയിലുളളത്. സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള സൗകര്യം എല്ലാ ശാഖകളിലുമുണ്ട്.നിക്ഷേപകര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് റീജ്യണല്‍ മാനേജര്‍ കെ കെ രജത്കുമാര്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് , വയനാട് മേഖലകളിലായി 33 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ 24 മണിക്കൂര്‍ കൗണ്ടര്‍ പുനരാരംഭിച്ചു. 50,000 രൂപവരെയുള്ള ഇടപാട് രാവിലെ 8 മുതല്‍ രാത്രി എട്ട്‌വരെയുള്ള കൗണ്ടറിലുടെ നടത്താനാവും.
വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്ക് മികച്ച പ്രവര്‍ത്തനം നടത്തുന്നു. സര്‍വീസ് മേഖലയിലുളളവരുടെ മക്കളില്‍ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം വിദ്യാഭ്യാസ ലോണ്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെറിറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് നാല്‌ലക്ഷവും മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയുമാണ് വായ്പ നല്‍കുന്നത്. ബാങ്കിന്റെ കിട്ടാക്കടത്തിന്റെ 30 ശതമാനം വിദ്യാഭ്യാസ ലോണാണ്.
ഭവനവായ്പ കൃത്യമായി അടക്കുന്നവര്‍ക്ക് ഇളവ് നല്‍കാനും എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. 30 ലക്ഷത്തിന് താഴെയുളള ഭവന വായ്പ 10.75 ശതമാനമായും അതിന് മുകളിലളള തുകയുടെ പലിശ 11.25 ശതമാനമായും നിജപ്പെടുത്താനുളള അവസരം വായ്പയെടുത്തവര്‍ക്ക് ലഭിക്കും.ഈ സൗകര്യം ലഭ്യമാക്കാന്‍ ഒരു ശതമാനം സേവനനികുതിയടക്കേണ്ടിവരും.
നാണയക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും.ഒരു രൂപ നാണയം വാഷറായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.നാണയങ്ങള്‍ മൊത്തമായി ആര്‍ക്കും നല്‍കില്ല. റീജ്യണല്‍ മാനേജര്‍ കെ കെ രജതകുമാര്‍ പറഞ്ഞു. ചീഫ് മാനേജര്‍മാരായ വി കെ ശശികുമാര്‍, സി മുരളിധര്‍ എന്നിവരുമുണ്ടായിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post