പോലിസിന്റെ നിയമവിരുദ്ധ റെയ്ഡ് പ്രതിരോധിക്കും: പി ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി ഓഫിസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പോലിസ് നിയമവിരുദ്ധ പരിശോധനയ്‌ക്കെത്തിയാല്‍ പ്രതിരോധിക്കുമെന്നും അതില്‍ യാതൊരു സംശയവും വേണ്ടെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇതു നിയമത്തെ വെല്ലുവിളിക്കലല്ല. ഭീകരരെ പിടികൂടാനെന്ന പോലെയാണു പോലിസ് അര്‍ധരാത്രിയില്‍ സി.പി.എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ വളയുന്നത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ പുരുഷപോലിസുകാര്‍ അതിക്രമിച്ചു കയറി അസഭ്യം പറയുകയാണ്. സിവില്‍ വേഷത്തില്‍ എത്തുന്നവരുടെ കൂട്ടത്തില്‍ തട്ടിപ്പുകള്‍ നടത്താന്‍ സാധ്യയുള്ളവരുമുണ്ട്. ആ അര്‍ഥത്തിലാണു ജനങ്ങള്‍ അവരെ നേരിടുകയെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ രണ്ട് ആഭ്യന്തര മന്ത്രിമാരുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അട്ടംപരതി ഗോപാലകൃഷ്ണന്റെ മകന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ്സിന്റെ ആജ്ഞാനുവര്‍ത്തികളായ പോലിസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എമ്മിനെ വേട്ടയാടുകയാണ്. ചന്ദ്രശേഖരന്‍ വധക്കേസിന്റെ പശ്ചാത്തലത്തില്‍ പോലിസിന്റെ കാര്യത്തില്‍ അന്തിമവാക്ക് പറയുന്നത് തിരുവഞ്ചൂരല്ല, മുല്ലപ്പള്ളിയാണ്. പോലിസിനെ കയറൂരിവിട്ട് സി.പി.എമ്മിനെ കുഴിച്ചുമൂടാമെന്നത് വ്യാമോഹം മാത്രമാണ്. ഇത്തരക്കാര്‍ സി.പി.എമ്മിന്റെ സംഘടനാചരിത്രം പഠിക്കുന്നതു നന്നായിരിക്കും. സി.പി.എം മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറി കെ വല്‍സനെയും ലോക്കല്‍ കമ്മിറ്റിയംഗം കാരായി ശ്രീധരനെയും എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയെയും അന്യായമായി കസ്റ്റഡിയിലെടുത്തു. മാടായി ഏരിയാ കമ്മിറ്റി ഓഫിസിലും ജില്ലാ സെക്രട്ടേറിയറ്റംഗം വി നാരായണന്റെ വീട്ടിലും റെയ്ഡ് നടത്തി. കോടതിയുടെയോ മറ്റ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് ഇത്തരം നീക്കങ്ങള്‍. കൊലവിളി നടത്തുന്ന ലീഗുകാരെ തൊടാന്‍ ധൈര്യമില്ലാത്ത പോലിസുകാരാണ് സി.പി.എം നേതാക്കളെ വേട്ടയാടുന്നത്. ഇതു രണ്ടുതരം നീതിയാണ്. പി കെ ബഷീര്‍ എം.എല്‍.എയുടെ കൊലവിളിക്ക് സാക്ഷികളായ ലീഗ് നേതാക്കള്‍ക്കെതിരേയും കേസെടുക്കണം. ടി പി ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന സി.പി.എം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറിയുടെ വിവാദ പ്രസംഗത്തെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍, അക്രമികളെ പിന്നെ ഉമ്മവയ്ക്കണമോ എന്നായിരുന്നു ജയരാജന്റെ മറുപടി. ആര്‍.എം.പിക്കാരുടെ അക്രമത്തിനെതിരേ സംഘടിപ്പിച്ച യോഗത്തിലെ പരാമര്‍ശമാണത്. പ്രതിഷേധ യോഗങ്ങളില്‍ പലരും പ്രകോപനപരമായി പലതും പറഞ്ഞേക്കാം. എന്നാല്‍ അവരെയെല്ലാം പ്രതികളാക്കാന്‍ പറ്റുമോയെന്നും ജയരാജന്‍ ചോദിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم