പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നടപടി തുടങ്ങി

കണ്ണൂര്‍ : പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സാധ്യത തെളിയുന്നു. കൊച്ചിയിലെ കേപ്പ് മോഡലിലായിരിക്കും പരിയാരത്തിന്റെയും ഭരണസമിതിയെന്നാണ് സൂചന. ഇതിനുള്ള അണിയറ ഒരുക്കങ്ങളുടെ ഭാഗമായാണ് കോളേജ് ഏറ്റെടുക്കുമ്പോഴുള്ള സാമ്പത്തിക ,നിയമവശങ്ങളെ കുറിച്ച് പഠിക്കാന്‍ ധനകാര്യമന്ത്രി കെ എം മാണിയെ യുഡിഎഫ് ചുമതലപ്പെടുത്തിയത്. ഈ തീരുമാനം മാസങ്ങള്‍ക്ക് മുമ്പെ എടുത്തിരുന്നുവെങ്കിലും ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ഭരണം മാറി വര്‍ഷം ഒന്നുകഴിഞ്ഞിട്ടും മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാത്തത് സിഎംപിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ സി പി എമ്മിന് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന വിധത്തില്‍ തിടുക്കപ്പെട്ടൊന്നും ചെയ്യേണ്ടതില്ലെന്നാണ് പൊതുവെ ധാരണ. സര്‍ക്കാര്‍ കോളേജിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും പുതിയ നിമയനങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു എം വി ജയരാജന്‍ ചെയര്‍മാനായി അധികാരമേറ്റശേഷം 700ഓളം പേരെ പുതുതായി നിയമിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. രജിസ്‌ട്രേഷന്‍ അനുമതിയില്ലാതെയാണ് ഇവരെ നിയമിച്ചതെന്നാണ് ആരോപണം. ജില്ലാപഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള ഡിവൈഎഫ്‌ഐ നേതാക്കളെ കാല്‍ലക്ഷം രൂപ ശമ്പളത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി നിയമിച്ചതും ഇതില്‍പെടും.
മുഖ്യമന്ത്രി ചെയര്‍മാനും സഹകരണ വകുപ്പ് മന്ത്രി വൈസ്‌ചെയര്‍മാനുമായുള്ള കോഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷനല്‍ എജ്യുക്കേഷന്റെ കീഴില്‍ പരിയാരം ഉള്‍പ്പെടുന്നതോടെ അനാവശ്യ നിയമനങ്ങള്‍ റദ്ദാക്കാമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 'കെയ്ഫ്'ന്റെ കീഴിലെ എറണാകുളം മെഡിക്കല്‍കോളേജ്, തൃക്കരിപ്പൂര്‍, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവിടങ്ങളിലെ നിയമന മാനദണ്ഡങ്ങള്‍ പരിയാരത്ത് നടപ്പിലാവും. അതോടെ പുറത്ത് പോകേണ്ടിവരുന്നവര്‍ക്ക് രാഷ്ട്രീയ സമരങ്ങള്‍ അല്ലാതെ നിയമ പരിരക്ഷ ലഭിക്കില്ലെന്നും ഉറപ്പാണ്. മന്ത്രി കെ എം മാണി റിപ്പോര്‍ട്ട് തയാറാക്കുന്നതിനനുസരിച്ച് ഒരുമാസത്തിനകം പരിയാരം നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ സംവിധാനം പ്രാവര്‍ത്തികമായേക്കും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post