തിരുവാതിര ചതുഃശതം ചടങ്ങുകള്‍ക്ക് കൊട്ടിയൂരില്‍ ഭക്തജനത്തിരക്ക്

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചു നടന്ന തിരുവാതിര ചതുഃശതം ചടങ്ങുകള്‍ക്കു സാക്ഷ്യംവഹിക്കാന്‍ വന്‍ ക്തജന തിരക്ക്. വലിയ വട്ടളം പായസത്തിനാണു ചതുശതം എന്നറിയപ്പെടുന്നത്. ഉച്ചശീവേലിക്കു ശേഷമായിരുന്നു വട്ടള പായസ നിവേദ്യ ചടങ്ങ് നടന്നത്.
101 നാഴി അരിയും അതിനാവശ്യമായ ശര്‍ക്കരയും നെയ്യും ചേര്‍ത്തു തയാറാക്കുന്നതാണു വലിയ വട്ടളം പായസം. നിവേദ്യശേഷം ഇതു ഭക്തര്‍ക്കു പ്രസാദമായി നല്കി.
തുടര്‍ന്നു തൃക്കൂര്‍ അരിയളവ് ചടങ്ങ് നടന്നു. കോട്ടയം സ്വരൂപത്തിലേയും പാരമ്പര്യ ഊരാള തറവാടുകളായ തിട്ടയില്‍, കുളങ്ങരയത്ത്, കരിമ്പന ചാത്തോത്ത്, ആക്കല്‍ എന്നീ തറവാടുകളിലെ സ്ത്രീകള്‍ക്ക് അരിയും ഏഴില തറവാടുകളായ കോമത്ത്, കൂടത്തില്‍ എന്നീ തറവാടുകളിലെ സ്ത്രീകള്‍ക്കു പഴവും ശര്‍ക്കരയും നല്കി. കോട്ടയം സ്വരൂപത്തിലെ ശ്രീരഞ്ജിനി അമ്മ രാജ വലിയ തമ്പൂരാട്ടി മണിത്തറയില്‍ വച്ചു പന്തീരടി കാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്നും സ്വര്‍ണത്തളികയില്‍ അരി അളന്നുവാങ്ങി ശീവേലിക്കു ശേഷം പാലക്കുന്നം നമ്പൂതിരി ഊരാള തറവാടുകളിലെ സ്ത്രീകള്‍ക്കു വെള്ളിത്തളികയില്‍ അരി അളന്നുനല്കി. തുടര്‍ന്ന് ഏഴില തറവാടുകാര്‍ക്കു പഴവും ശര്‍ക്കരയും നല്കി. വ്യാഴാഴ്ച പുണര്‍തം ചതുഃശതം നടക്കും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post