മരണക്കെണിയൊരുക്കി തായത്തെരുവിലെ അനധികൃത പാര്‍ക്കിങ്

കണ്ണൂര്‍: തായത്തെരു റോഡിലെ അനധികൃത പാര്‍ക്കിങ് അപകടം വരുത്തുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപടത്തില്‍ വിദ്യാര്‍ഥിയടക്കം രണ്ടു പേരാണ് മരിച്ചത്. ഇതിലൊരാള്‍ തായത്തെരു സ്വദേശി കൂടിയാണ്. ചേംബര്‍ഹാള്‍ പരിസരം മുതല്‍ തുടങ്ങുന്ന അനധികൃത പാര്‍ക്കിങ് തായത്തെരുവിലേക്ക് നീളുകയാണ്. റോഡിന് ഇരുവശവും കാര്‍ മുതല്‍ ബസ് വരെയുള്ള വാഹനങ്ങളാണ് നിരത്തിയിരിക്കുന്നത്. ഇടയ്ക്ക് റോഡ് റോളറും നിര്‍ത്തിയിടാനെത്തും. ഗതാഗത കുരുക്കും അപകടവമുണ്ടാവുമ്പോള്‍ പോലിസ് ഇടപെട്ട് പാര്‍ക്കിങിന് കടിഞ്ഞാണിടാറുങ്കിലും ഇടവേളയ്ക്ക് ശേഷം ഇത് വീണ്ടും തുടരും.
നേരത്തെ ഇവിടെ വണ്‍വേ സമ്പ്രദായം കൊണ്ടു വന്നിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നും നടക്കുന്നില്ല. ചേംബര്‍ഹാളിലെ വളവില്‍ വരെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന കാഴ്ച പതിവാണ്. കണ്ണൂര്‍ നഗരത്തിലേക്കും തിരിച്ചും നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോവുന്നിടത്താണ് അപകടമുണ്ടാക്കി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് സമീപത്തെ വീട്ടുകാര്‍ക്കും ഓഫിസുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് ഇവിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ഥി നഹ്്‌യാനും കാനന്നൂര്‍ ഗരേജിലെ തൊഴിലാളി സുരേഷനുമാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തുനിന്ന് തായത്തെരുവിലേക്ക് വരികയായിരുന്ന ബൈക്ക്, ഗരേജിലെ ഉപകരണവുമായി റോഡ് മുറിച്ച് കടക്കുകയായിരുന്ന സുരേഷനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട്് തൊട്ടടുത്ത മതിലിലിടിക്കുകയായിരുന്നു. നഹ്്‌യാന്റെ വീട് അപകടമുണ്ടായ സ്ഥലത്ത് നിന്നു 50മീറ്റര്‍ മാത്രം അകലെയാണ്. ഒരാള്‍ പണിസ്ഥലത്തും മറ്റൊരാള്‍ വീട്ടിനടത്തും വച്ച് മരിച്ചത് ഹൃദയഭേദക കാഴ്ചയായി.
മുംൈബയില്‍ ബ്ലൂ മറീന ട്രാവല്‍സ് ഉടമയാണ് നഹ്്‌യാന്റെ പിതാവ് നാസര്‍. ഏക സഹോദരി നബീന ദുബയില്‍ നിന്നെത്തിയ ശേഷമാണ് മയ്യിത്ത് ഖബറടക്കിയത്. നേരത്ത കണ്ണൂര്‍ മിലിട്ടറി സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിച്ച നഹ്‌യാന്‍ ഈ വര്‍ഷം മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് മാറിയിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم