ലീഗില്‍ കലാപം തുടരുന്നു: ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിക്കൊരുങ്ങുന്നു, യു.ഡി.എഫ് ആശങ്കയില്‍

കണ്ണൂര്‍ : മുസ്ലിംലീഗിലുണ്ടായ ചേരിപ്പോരിനെ തുടര്‍ന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമാകാന്‍ സാധ്യത. ജില്ലാ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കാത്തതില്‍ പ്രതിഷേധമുള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായ മുസ്ലിംലീഗിലെ സനീറ ഷഫീഖ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

സനീറ രാജിവെക്കുകയാണെങ്കില്‍ തുല്യ അംഗസംഖ്യയുള്ള ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒരു അംഗത്തിന്റെ ഭൂരിപക്ഷം ലഭിക്കും. യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടമാകുകയും ചെയ്യും. നിലവില്‍ 14 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ് വീതം അംഗങ്ങളാണുള്ളത്. നറുക്കെടുപ്പിലാണ് കോണ്‍ഗ്രസിലെ എം. ഷൈജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐയിലെ പി. ചന്ദ്രനാണ് വൈസ് പ്രസിഡന്റ്.

സനീറ രാജിവെച്ച ഒഴിവില്‍ നടക്കുന്ന കക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ ഒരു വിഭാഗം ബഹിഷ്‌കരിച്ചേക്കും. അങ്ങനെ പാര്‍ട്ടിയെ മുപ്പത് വര്‍ഷത്തിലധികമായി നയിച്ചുകൊണ്ടിരിക്കുന്ന നേതാക്കന്മാര്‍ക്ക് തിരിച്ചടി നല്‍കാനാണ് ചില ലീഗ് പ്രവര്‍ത്തകരുടെ അണിയറ നീക്കം.
ജില്ലാ ഭാരവാഹികളെ അംഗീകരിക്കാത്തവരെ പിന്തുണക്കുന്ന പുഴാതി പഞ്ചായത്തിലെ അംഗങ്ങളും രാജിവെക്കും. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണമാറ്റത്തിന് സാധ്യതയില്ല. മുസ്ലിംലീഗിലെ ഗ്രൂപ്പ് പോര് കാരണം കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇടപെടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കണ്ണൂര്‍ നഗരഭരണത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം രണ്ട് കക്ഷികളും തമ്മില്‍ അകന്നിരിക്കുകയാണ്. നഗരസഭയിലെ പ്രശ്‌നം പോലും പരിഹരിക്കാന്‍ ഇതുവരെയായിട്ടും ചര്‍ച്ചകള്‍ നടന്നിട്ടില്ല.
മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ ചേരിപ്പോരിന് ഇനിയും അവസാനമായില്ല. ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവിയും ജില്ലാ ട്രഷറര്‍ വി.പി. വമ്പനെയും പൊതുചടങ്ങുകളില്‍ പങ്കെടുത്താല്‍ അവരെ തടയുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളാണ് വിമതവിഭാഗം കൈക്കൊണ്ടിട്ടുള്ളത്.
ചില നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ മാര്‍ച്ച് നടത്താനും സാധ്യതയുണ്ട്. 30 വര്‍ഷത്തിലധികമായി ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന ചില നേതാക്കള്‍ പുതിയവര്‍ക്കായി സ്ഥാനമാനങ്ങള്‍ കൈമാറാത്തതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പാര്‍ട്ടി ജില്ലാ ഭാരവാഹിത്വവും ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും ഒരുമിച്ച് വഹിക്കുന്നവരുമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമനുസരിച്ച് ഒരാള്‍ക്ക് ഒരു സ്ഥാനം മാത്രമാണെന്ന് പറയുമ്പോഴും ജില്ലയിലെ ചില നേതാക്കള്‍ പല സ്ഥാനമാനങ്ങളും കയ്യടക്കിവെച്ചിരിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്. കാസര്‍കോട് ജില്ലാ ട്രഷററായിരുന്ന സി.ടി. അഹമ്മദലി സിഡ്‌കോ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ട്രഷറര്‍ സ്ഥാനം രാജിവെച്ചത് പോലെ ജില്ലയിലെ നേതാക്കളും സ്ഥാനങ്ങള്‍ രാജിവെച്ച് മാന്യത കാണിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധക്കാര്‍ പാര്‍ട്ടി സംസ്ഥാന സിക്രട്ടറി എം.സി. മായിന്‍ഹാജിയെ കണ്ട് ജില്ലയിലെ പ്രശ്‌നങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പാണക്കാട് തങ്ങളുടെ മുമ്പാകെ ധരിപ്പിക്കാമെന്ന് മായിന്‍ ഹാജി പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم