അഴീക്കോട്ടിറങ്ങിയ 'പുലി'കാട്ടുപൂച്ചയെന്നു വനപാലകര്‍

കണ്ണൂര്‍: അഴീക്കോട് മേഖലയില്‍ വീണ്ടും പുലിയിറങ്ങിയെന്ന അഭ്യൂഹം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പണ്ണേരിമുക്ക് പഴയ റെയില്‍വേഗേറ്റിനു സമീപത്താണു പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി പറയുന്നത്. വെള്ളിയാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം.
പി. ബാലന്‍ നായര്‍ എന്നയാളുടെ വീട്ടുപറമ്പിലായിരുന്നു ജീവിയെ കണ്ടത്. ബഹളംവച്ചതിനെ തുടര്‍ന്നു ജീവി ഓടിമറഞ്ഞെന്നാണു വീട്ടുകാര്‍ പറയുന്നത്.
വീട്ടുമുറ്റത്തെ മണ്ണില്‍ വന്യജീവിയുടെ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. വളപട്ടണം എസ്‌ഐ പ്രമോദ്, തളിപ്പറമ്പ് റേഞ്ചര്‍ കെ. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തന്നെ പരിശോധന നടത്തിയിരുന്നു. കാട്ടുപൂച്ചയുടെ കാല്‍പാദത്തോടു സാമ്യമുള്ള കാല്‍പാടുകളാണു സ്ഥലത്തുകണ്ടതെന്നു വനപാലകര്‍ പറഞ്ഞു. വനപാലകരും പോലീസും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കൂടു സ്ഥാപിക്കാനാണു തീരുമാനം. അഴീക്കലില്‍ ഒന്നരവര്‍ഷം മുമ്പു പുലിയെ കണ്ടതിനെ തുടര്‍ന്നു വനംവകുപ്പ് കൂട് വച്ചുപിടികൂടിയിരുന്നു. പണ്ണേരിമുക്കില്‍ പുലിയെ കണ്ടതായുള്ള വാര്‍ത്ത പടര്‍ന്നതോടെ അഴീക്കോട് മേഖല വീണ്ടും പുലി ഭീതിയിലാണ്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم