കണ്ണൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 51 കോടിയുടെ പദ്ധതി

കണ്ണൂര്‍: നഗരസഭാ പരിധിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 51 കോടിയുടെ പദ്ധതി നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് തയാറാക്കാന്‍ വാട്ടര്‍അഥോറിറ്റിയുടെ കീഴിലെ വാസ്‌കോണ്‍ കമ്പനിയോടു നിര്‍ദേശിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി പ്രദേശത്തെ രണ്ടു മേഖലകളാക്കി തിരിച്ചാണു പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി പയ്യാമ്പലത്തും കൊടപ്പറമ്പിലും പുതിയ ജലസംഭരണികള്‍ നിര്‍മിക്കും. കൊടപ്പറമ്പ്, പയ്യാമ്പലം എന്നിവിടങ്ങളില്‍ യഥാക്രമം 16 ലക്ഷവും 10 ലക്ഷവും ലിറ്റര്‍ സംഭരണശേഷികളുള്ള ടാങ്കുകളാണ് സ്ഥാപിക്കുക.
ഇതോടൊപ്പം നിലവിലെ ചൊവ്വ, കസാനക്കോട്ട എന്നിവിടങ്ങളിലെ സംഭരണികളുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 21 കോടി അനുവദിക്കും. പിന്നീട് പ്രവൃത്തി പുരോഗമിക്കുന്നതിനനുസരിച്ചു തുക ലഭ്യമാക്കും. ബുധനാഴ്ച ചേര്‍ന്ന നഗരസഭായോഗത്തില്‍ കുടിവെള്ളക്ഷാമം സംബന്ധിച്ചുണ്ടായ ചര്‍ച്ചയില്‍ വൈസ് ചെയര്‍മാന്‍ സി. സമീറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം വാട്ടര്‍അഥോറിറ്റി നടപ്പാക്കുന്ന കണ്ണൂര്‍ കുടിവെള്ള പദ്ധതിയുടെ നവീകരണം കൂടി പൂര്‍ത്തിയാകുന്നതോടെ നഗരം നേരിടുന്ന കുടിവെള്ളപ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും സമീര്‍ പറഞ്ഞു.
മുസ്‌ലിം ലീഗിലെ അല്‍ത്താഫ് മാങ്ങാടന്‍ കുടിവെള്ളപ്രശ്‌നവുമായി ബന്ധപ്പെട്ടു അവതരിപ്പിച്ച പ്രമേയമായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. നഗരത്തിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു കഴിഞ്ഞ രണ്ടു വര്‍ഷത്തിനു മുകളിലായി പുതുതായി വാട്ടര്‍ കണക്ഷന്‍ അനുവദിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നഗരസഭ ഇടപെടണമെന്നുമായിരുന്നു പ്രമേയം. കോണ്‍ഗ്രസിലെ പി.വി. ജയസൂര്യന്‍ പ്രമേയത്തെ പിന്താങ്ങി. പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു.
നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച 437 പൊതുടാപ്പുകള്‍ക്കായി നഗരസഭ പ്രതിമാസം 1,80,476 രൂപ വാട്ടര്‍ അഥോറിറ്റിക്കു നല്‍കുന്നുണെ്ടങ്കിലും ഭൂരിപക്ഷവും ഉപയോഗയോഗ്യമല്ലെന്നു പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് പറഞ്ഞു. ഇതുമൂലം ഭാരിച്ച സാമ്പത്തിക ബാധ്യതയാണു നഗരസഭ സഹിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഗാര്‍ഹിക കണക്ഷനുകള്‍ അനുവദിക്കാന്‍ നഗരസഭ തയാറാകണമെന്നും പുഷ്പരാജ് നിര്‍ദേശിച്ചു. ഗാര്‍ഹിക കണക്ഷനുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നു ചെയര്‍പേഴ്‌സണ്‍ എം.സി. ശ്രീജ യോഗത്തെ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post