യൂത്ത് കോണ്‍ഗ്രസ് യുവജനയാത്ര കണ്ണൂരിലേക്ക്


Congress-conference-2
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് പി സി വിഷ്ണുനാഥ് നയിക്കുന്ന യുവജനയാത്രയ്ക്ക് വെള്ളിയാഴ്ച ജില്ലയില്‍ സ്വീകരണം. സ്വാശ്രയ യുവത്വം സാമൂഹ്യ മുന്നേറ്റത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് കാസര്‍കോട് നിന്നും തിരുവന്തപുരത്തേയ്ക്കു നടത്തുന്ന യുവജനയാത്രയാണ് വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത്.
യുവജനയാത്രയുടെ മുന്നോടിയായി ദിവസങ്ങളായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയായിരുന്നു. യുവജനയാത്രയുടെ പ്രചരണാര്‍ത്ഥം ജില്ലയിലാകമാനം പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും റാലികളും നടത്തിയിരുന്നു. ആയിരക്കണക്കിന് അണികള്‍ പങ്കെടുത്ത പ്രചരണ പരിപാടികള്‍ക്ക് ജില്ലയിലെ നേതാക്കള്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ചയുടെ യാത്ര രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്യും. 11മണിക്ക് ജാഥ തൃക്കരിപ്പൂരില്‍ എത്തിച്ചേരും. 12മണിയോടെയാണ് കണ്ണൂര്‍ ജില്ലയിലേക്ക് ജാഥ പ്രവേശിക്കുക. ജില്ലയില്‍ പയ്യന്നൂരാണ് ആദ്യ സ്വീകരണ കേന്ദ്രം. ആവേശകരമായ സ്വീകരണത്തിനു ശേഷം ജാഥ ഒരുമണിയോടെ പഴയങ്ങാടിയിലെത്തും.
2മണിക്ക് തളിപ്പറമ്പ് കുപ്പം പാലത്തിന് സമീപം വച്ച് കണ്ണൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുവജനയാത്രയ്ക്ക് ആവേശോജ്വല സ്വീകരണം നല്‍കും. തുടര്‍ന്ന് തളിപ്പറമ്പ് ഹൈവേയില്‍ പ്രവര്‍ത്തകരും നേതാക്കളും സ്വീകരണം നല്‍കും, നാല് മണിയോടെ ജാഥ ശ്രീകണ്ഠപുരത്ത് എത്തിച്ചേരും. വൈകിട്ട് അഞ്ച് മണിയോടെ ജാഥ കണ്ണൂര്‍ പുതിയതെരുവില്‍ എത്തിച്ചേരും. പുതിയതെരുവിലെ സ്വീകരണത്തിനു ശേഷം ആറ് മണിയോടെ ജാഥ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെത്തും. ഏഴ് മണിയോടെ ജാഥ സമാപിക്കും. ജാഥയിലുടനീളം നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. ഷാഫി പറമ്പില്‍ എം എല്‍ എ, വി ടി ബല്‍റാം എം എല്‍ എ, മനോജ് മൂത്തേടന്‍, ടി വി വിനോദ് കൃ ഷ്ണ, വി എസ് ജോയി, യൂത്ത് കോണ്‍ഗ്രസ് ആഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ തുടങ്ങിയ നേതാക്കള്‍ ജാഥയെ അനുഗമിക്കുന്നുണ്ട്.
അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, കെ പി സി സി സെക്രട്ടറി സതീശന്‍ പാച്ചേനി, എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ തുടങ്ങിയ നേതാക്കള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജാഥയെ സ്വീകരിക്കും. ശനിയാഴ്ച രാവിലെ ചക്കരക്കല്ലില്‍ നിന്നും ജാഥ തുടര്‍പ്രയാണം ആരംഭിക്കും.

Keywords: Kannur, Youth Congress, Yuvajana Yathra, Malayalam news.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post