മൈസൂരില്‍ കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു, ആശുപത്രിയില്‍ ബഹളം

തലശേരി: രണ്ടാഴ്ച മുമ്പ് മൈസൂരിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടിയേരി പപ്പന്റെപീടികയിലെ അഫ്രീദ് മന്‍സിലില്‍ യാക്കൂബ്-റസിയ ദമ്പതികളുടെ മകന്‍ അഫ്ത്തബ് (18) ആണ് മരിച്ചത്. അഫ്ത്തബിന്റെ മൃതദേഹം തലശേരി ജനറലാശുപത്രിയില്‍ എത്തിച്ചെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്താനാവില്ലെന്ന ഡോക്ടര്‍മാരുടെ നിലപാട് വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കി.
അഫ്ത്തബ് സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ചായിരുന്നു അപകടം. മൈസൂരില്‍ ചികില്‍സയിലായിരുന്ന അഫ്ത്തബിനെ വ്യാഴാഴ്ച രാത്രി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുരാത്രി തന്നെ മരിക്കുകയായിരുന്നു. വെളളിയാഴ്ച രാവിലെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ മൈസൂരില്‍ നിന്നുള്ള പോലീസ് സംഘം എത്തി ഇന്‍ക്വസ്റ്റ് നടത്തി. എന്നാല്‍ പോലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ ഇവിടെ പോസ്റ്റുമോര്‍ട്ടം നടത്താനാവില്ലെന്ന നിലപാടിലായിരുന്നു ഡോക്ടര്‍മാര്‍. രാവിലെതന്നെ ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ മൃതദേഹം പരിയാരത്തേക്കു കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കുമെന്നു പറഞ്ഞായിരുന്നു ബന്ധുക്കള്‍ ബഹളം വച്ചത്. മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും തലശേരിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ബന്ധുക്കള്‍ ആവര്‍ത്തിച്ചെങ്കിലും ഡ്യൂട്ടിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ നിലപാട് മാറ്റിയില്ല.
മരണം സംബന്ധിച്ചുള്ള കാര്യത്തില്‍ കര്‍ണാടക പോലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. അഫ്ത്തബ് മരിച്ചു കിടക്കുന്നതു കണ്ടുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇത്തരം കേസുകളില്‍ പോലീസ് സര്‍ജന്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് നിയമമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒടുവില്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവുകയായിരുന്നു. ഹസീന, അഫ്‌നാസ്, അഫ്രീദ് എന്നിവര്‍ അഫ്ത്തബിന്റെ സഹോദരങ്ങളാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post