മുസ്ലീങ്ങള്‍ പ്രതിരോധത്തിലാകാന്‍ കാരണം സലഫികളും ജമാത്തെ ഇസ്ലാമിയും: കാന്തപുരം

SYS-Adarsha-convention

കണ്ണൂര്‍: ആഗോളതലത്തിലും ഇന്ത്യയിലും പ്രാദേശികതലത്തിലും മുസ്ലീങ്ങള്‍ പ്രതിരോധത്തിലാകാന്‍ കാരണം സലഫികളും ജമാത്തെ ഇസ്ലാമിയുമാണെന്ന് അഖിലേന്ത്യാ സുന്നിജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ എസ്. വൈ. എസ് ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിന്റെ ആത്മീയ ഊര്‍ജ്ജത്തെ തത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കു ഉപയോഗിക്കുകയാണിവര്‍ ചെയ്യുന്നത്. ഇവര്‍ക്ക് ഇസ്ലാമിനെക്കാള്‍ കൂറും കടപ്പാടും അതതുകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളോടാണ്. ശരീഅത്തിനെതിരെ ഭരണകൂടങ്ങളില്‍ നിന്ന് ശക്തമായ കടന്നുകയററം നടക്കുന്നുവെന്ന രീതിയിലുളളപ്രചരണങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ല. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ അനവസരത്തില്‍ ചിലരുണ്ടാക്കിയ കോലാഹലങ്ങള്‍ സമുദായത്തെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്.

അതേ സമയം മുസ്ലീംങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ഇവരുടെ ശ്രദ്ധ ചെന്നെത്തുന്നില്ല. സമസ്തയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്ന അവസ്ഥ വളരെ പരിതാപകരമാണ്. സുന്നികളെ അക്രമിക്കുന്നതിനു വേണ്ടി ബോംബ് നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ കൊടുത്ത നാലു ചെറുപ്പക്കാര്‍ ജീവച്ഛവങ്ങളായി. ഓണപ്പറമ്പില്‍ സുന്നികളുടെ പളളിയും മദ്രസയും ആക്രമിച്ചു തകര്‍ക്കുകയും അതിന്റെ ജാള്യത മറച്ചുപിടിക്കാന്‍ വിഘടതി സമസ്തക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ അടക്കം സ്വന്തം മദ്രസ കത്തിക്കുകയായിരുന്നു.

സമൂഹത്തില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടവര്‍ സങ്കുചിതമായ താത്പര്യങ്ങളെ പ്രോത്സാഹിപ്പിച്ച് വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ദ്ധയും അകല്‍ച്ചയും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആശയപാപ്പരത്വമാണെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി.ചടങ്ങില്‍ ചാലാട് അബ്ദുള്‍ഹമീദ് മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്. വൈ. എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍ റഹ്‌മാന്‍ സഖാഫി, പട്ടുവം കെ. പി അബൂബക്കര്‍ മുസ്ലിയാർ, ഫയാസ് അഹ്‌മദ് ബാംഗ്‌ളൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. കടവത്തൂര്‍ അഷ്‌റഫ് സഖാഫി സ്വാഗതവും കെ.എം അബ്ദുല്ലക്കുട്ടി ബാഖവി നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Kanthapuram A.P Aboobacker Musliyar, SYS, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post