കണ്ണൂര്‍: തെറ്റിയാല്‍ സ്വന്തം അച്ഛന്റെ കാലുവ
രെ അടിച്ചുമുറിക്കും. പിന്നെയല്ലെ നാട്ടുകാര്‍... തലശേരി താലൂക്കിലെ രാഷ്ട്രീയ ക്രിമിനലുകളുടെ ചരിത്രമിതാണ്. നാലുപതിറ്റാണ്ടിലേറെ നടമാടിയ സി.പി. എം-ബി.ജെ. പി സംഘര്‍ഷത്തിന്റെ ബാക്കി പത്രം ഇന്നു എന്തിനും മടിക്കാത്ത ന്യൂജനറേഷന്‍ ഗുണ്ടകള്‍ മാത്രമാണ്.
ഓരോപാര്‍ട്ടി നേതാവിനു കീഴിലും എന്തും ചെയ്യുന്ന ക്വട്ടേഷന്‍ ടീമുകള്‍. നേതാവിന്റെ ഉഗ്രശാസന കേള്‍ക്കേണ്ട താമസം ആരുടെയും തലയറുക്കാന്‍ അടിച്ചുകൊല്ലാനും ഇവര്‍ തയ്യാര്‍. മണല്‍, മദ്യകടത്ത്, ബ്‌ളേഡ് പണം പിരിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, സ്വര്‍ണക്കടത്ത്, ബോംബുനിര്‍മാണവും വില്‍പ്പനയും എന്നിങ്ങനെ പോകുന്നു ഇവരുടെ അനുബന്ധതൊഴിലുകള്‍.
അക്രമമില്ലാത്ത ഇടവേളകളിലാണ് ആദായകരമായ ഇത്തരംതൊഴില്‍ചെയ്യല്‍.
ധര്‍മ്മടം, തലശേരി, കതിരൂര്‍ സ്‌റ്റേഷനുകളിലെ അക്രമകേസുകള്‍ പരിശോധിച്ചാല്‍ ഒരുഡസനിലേറെ വധശ്രമകേസുകള്‍ കാണാന്‍ കഴിയും. ഇതൊക്കെ രാഷ്ട്രീയ സംഘര്‍ഷങ്ങളല്ലെന്നതാണ് വൈചിത്രം. പലതും സ്വന്തം പാര്‍ട്ടിക്കാര്‍ തമ്മിലുളള ചേരിതിരിഞ്ഞുളള ഏററുമുട്ടലാണ്. തലശേരിക്കടുത്ത കൊളശേരി പാറക്കെട്ടില്‍ സി. പി.എം പ്രവര്‍ത്തകന്‍ നിധിന്‍ കൊല്ലപ്പെട്ടതു സ്വന്തം പാര്‍ട്ടിയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുളള ഏററുമുട്ടലിലാണെന്ന് പൊലീസ് പറയുന്നു.
തലശേരി താലൂക്കിലെ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ പ്രധാനകേന്ദ്രങ്ങളിലൊന്നായ കൊളശേരിയില്‍ അഞ്ചോളം ക്വട്ടേഷന്‍ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാം രാഷ്ട്രീയ കൊലകള്‍ക്കു നേതൃത്വം നല്‍കിയവരുടെ കീഴില്‍. ഇതില്‍ ഒന്ന് ആര്‍. എസ്. എസിന്റെയും മററു നാലെണണം സി. പി. എമ്മിന്റെതുമാണ്. ഏറെക്കാലമായി ഇരുപാര്‍ട്ടികളിലെയും നേതൃത്വങ്ങള്‍ക്ക് ഇവര്‍ തീരാതലവേദനാണ്. കഴിഞ്ഞ ഓണത്തിന് സി. പി. എമ്മിലെ ഇരുഗ്രൂപ്പുകള്‍ തമ്മില്‍ നിസാര പ്രശ്‌നങ്ങള്‍ക്കുണ്ടായ സംഘര്‍ഷമാണ് കഴിഞ്ഞദിവസം ഷിധിന്റെ പൈശാചികമായ കൊലപാതകത്തിലെത്തിയത്. ഇരുമ്പുദണ്ഡുകൊണ്ട് മാരകമായി അടിച്ചുപരിക്കേല്‍പ്പിച്ച് ബോധരഹിതനായ യുവാവിനെ അക്രമികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആര്‍. എസ്. എസ് കേന്ദ്രമായ പാറക്കെട്ടിലെ അയോധ്യനഗറിലാണ് ഷിധിനെ ഉപേക്ഷിച്ചത്. നാട്ടുകാരില്‍ ചിലര്‍ അക്രമികളെ കണ്ടതുകൊണ്ടു മാത്രമാണ് തലശേരിയില്‍ വീണ്ടുമൊരു രാഷ്ട്രീയ കലാപം ഒഴിവായത്.
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വിളവെടുപ്പ് കാലത്ത് നേതാക്കളുടെ കൊലക്കത്തിയായി മാറിയ ഈ യുവാക്കള്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സംഘമായി മാറിയത് നിയന്ത്രിക്കാന്‍ കഴിയാത്തതു സി. പി. എമ്മിനും ബി.ജെ.പിക്കും ദോഷകരമായി തീര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ രഹസ്യങ്ങള്‍ വിളിച്ചുപറയുന്ന ടി.കെ രജീഷുമാരാകാതിരിക്കാന്‍ ഇവരെ പ്രീണിപ്പിക്കല്‍ മാത്രമെ നേതാക്കള്‍ക്കു മാര്‍ഗമുളളൂ. അതുകൊണ്ടാണ് മരിച്ച ഷിധിന്റെ വീട്ടില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ ജില്ലാനേതാക്കള്‍ അതേ സമയം തന്നെ പരിക്കേററവരെ സന്ദര്‍ശിക്കാനും ആശുപത്രിയിലുമെത്തിയത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന പരുവത്തില്‍ ശ്വാസംമുട്ടിക്കുകയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടി നേതൃത്വങ്ങളെ.
രാഷ്ട്രീയ ക്രിമിനലുകള്‍ കൊല്ലാനും ചാവാനും പോന്ന ഗ്യാങ്ങുകളായി മാറിയതു രാഷ്ട്രീയക്കാരുടെ മാത്രം ഒത്താശയല്ല. പൊലീസിന്റെ കൂടി സഹകരണത്താലാണെന്ന് നാട്ടുകാര്‍ പറയുന്നു. ഗ്രേഡ് എസ്. ഐമാരുടെ നേതൃത്വത്തില്‍ ഓരോ സ്‌റ്റേഷന്‍ പരിധിയിലും പെട്രാളിംഗ് വഴിപാടുപോലെ നടത്തുന്നുണ്ടെങ്കിലും ബോംബുനിര്‍മാണ കേന്ദ്രങ്ങളിലോ ആയുധപരിശീലനകേന്ദ്രങ്ങളിലോ പൊലീസിനു കടന്നുചെല്ലാന്‍ കഴിയുന്നില്ല. മാത്രമല്ലഏതെങ്കിലും ഒരു ഗുണ്ടയെ പൊക്കിയാല്‍ അപ്പോള്‍ വിളിവരും മുകളില്‍ നിന്നും അതിന്റെ മുകളില്‍ നിന്നും.
ചില സ്‌റ്റേഷനുകളില്‍ ഇത്തരം ഗ്യാങ്ങുകളെ വിവരമറിയിക്കുന്ന ഉന്നത പൊലീസ്ഉദ്യോഗസ്ഥന്‍മാര്‍ പോലുമുണ്ടെന്നാണ് രഹസ്യവിവരം. രാഷ്ട്രീയ ക്രിമിനലുകള്‍ മുംബൈ അധോലോകം പോലെ ചെറിയ ഗ്യാംങ്ങുകളായി ചേരിതിരിഞ്ഞ് ഏററുമുട്ടുന്നതു ഭീഷണി ഉയര്‍ത്തുകയാണെന്നാണ് അടുത്തകാലത്ത് ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പ്. ഒരു ഡി.വൈ.എസ്. പിയുടെ നേതൃത്വത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ഗുണ്ടാആക്ടില്‍ രാഷ്ട്രീയക്കാരെ പ്രതികളാക്കുന്നതിനെതിരെ മുറവിളി ഉയര്‍ത്തി സി. പി. എം രംഗത്തിറങ്ങിയത് ഇത്തരം ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാന്‍ പഴുതായി.
റോഡ് ട്രാഫിക്കിനിടെയുണ്ടായ നിസാര പ്രശ്‌നമാണ് കൊളശേരിയിലെ സംഘര്‍ഷത്തിന് തുടക്കമിട്ടത്. കാപ്പ ആക്ടുപ്രകാരം ആറുമാസം നാടുകടത്തപ്പെട്ട ബിപിന്‍ ബ്രിട്ടോയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.കൊല്ലപ്പെട്ടയുവാവും കൊലയ്ക്കു നേതൃത്വം നല്‍കിയവരും 19 മുതല്‍ 25വയസുവരെ പ്രായമുളളവരാണ്. 2006-2008 കാലയളവില്‍ വെറും പതിനാലുവയസുകാരന്‍ കൊലക്കേസില്‍ പ്രതിയായ സ്ഥലമാണ് കൊളശേരി.ബ്രിട്ടോയെ കാപ്പ ആക്ടുപ്രകാരം നാടുകടത്തിയ ശേഷം തുടര്‍നടപടിയായി സ്ഥിരം കുറ്റവാളി പട്ടികയില്‍പ്പെടുത്തിയിരുന്നു.
Post a Comment