ചുഴലിക്കാറ്റ് നാശംവിതച്ചു

കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം. മരങ്ങള്‍ കടപുഴകി, വൈദ്യുതി ബന്ധം നിലച്ചു. മലയോരത്താണ് കാറ്റ് കൂടുതല്‍ നാശംവിതച്ചത്. ഇരിക്കൂര്‍, കൊട്ടിയൂര്‍, പേരാവൂര്‍,ഇരിട്ടി, കേളകം മട്ടന്നൂര്‍, ഉദയഗിരി, നടുവില്‍, അഞ്ചരക്കണ്ടി മേഖലകളില്‍ വീടുകള്‍ തകരുകയും കാര്‍ഷികവിളകള്‍ നശിക്കുകയും ചെയ്തു. ഇടവിട്ട് വീശിയടിച്ച കാറ്റും മഴയും റോഡരികിലെ തണല്‍ മരങ്ങളെ കടപുഴക്കി. ഇതുകാരണം കണ്ണൂര്‍ പയ്യന്നൂര്‍ ദേശീയപാതയിലും കണ്ണൂര്‍ തലശേരി റൂട്ടിലും ഗതാഗതം മുടങ്ങി.
School roof collapsed

ഇരിട്ടി കുയിലൂര്‍ യു. പി സ്‌കൂളിന്റെ ഓടുകള്‍ ശക്തമായി വീശിയടിച്ച കാറ്റില്‍പറന്നുപോയി. കേളന്‍ പീടിക ഉദയഗിരി റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു. മണ്ണിടിഞ്ഞ് മരം റോഡില്‍ പതിക്കുന്ന സമയത്ത് കാല്‍നടയാത്രക്കാന്‍ മണ്ണിടനടിയില്‍പ്പെട്ടതായി അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ജെ. സി. ബി ഉപയോഗിച്ച് റോഡില്‍ നിന്നും മണ്ണുനീക്കി ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി.

ഇതിനടുത്തുളള സുജാത, തങ്കമ്മ എന്നിവരുടെ വീടുകള്‍ അപകടാവസ്ഥയിലായിട്ടുണ്ട്. വളളിത്തോട് പി. എച്ച്. സിയുടെ കെട്ടിടത്തിന്റെ മുകളില്‍ മണ്ണിടിഞ്ഞുവീണു. പുറകിലെ വലിയകുന്നാണ് ഇടിഞ്ഞത്. ഇതുകാരണം മണ്ണും ചെളിയും ഓഫീസിനകത്തു കയറി. പി. എച്ച്. സിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ സ്ഥലം സന്ദര്‍ശിച്ച ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രമേഷ് നിര്‍ദ്ദേശിച്ചു. അഡ്വ. സണ്ണിജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി സിന്ധു എന്നിവര്‍ പി. എച്ച്.സി സന്ദര്‍ശിച്ചു.

അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിലെ വാളത്തോട് വനമേഖലയില്‍ ഉരുള്‍പൊട്ടി .ശക്തമായ മഴവെളളപ്പാച്ചിലില്‍ നെല്ലിക്കാതോട് കരകവിഞ്ഞൊഴുകി. മഞ്ചോട് പാലം അപകടഭീഷണിയിലായിട്ടുണ്ട്. പാലത്തിന്റെ അരികിലെ മണ്ണ് വെളളത്തില്‍ ഒഴുകിപ്പോയി. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.

വിളക്കോട് ചെങ്ങാടി വയലിലെ അലീമയുടെ വീടിന്റെ മുകളില്‍ മരംവീണ് ഭാഗികമായി തകര്‍ന്നു. വീര്‍പ്പാട് പാറക്കതട്ട് രാജന്റെവീടും മംഗലത്ത് ബിജുവിന്റെയും കടയും ഭാഗികമായി തകര്‍ന്നു. ഇതിനടുത്തെ പുത്തന്‍പറമ്പില്‍ ജോര്‍ജിന്റെ പറമ്പ് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്.

കേളകം അടയ്ക്കാത്തോട് ശാന്തിഗിരിയിലെ കൈലാസം പടിയിലെ തൈയ്യില്‍ ബേബിയുടെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. കാഞ്ഞിരകുളം ബെന്നിയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ അതിശക്തമായ കാറ്റില്‍ പറന്നുപോയി.അടയ്ക്കാത്തോട് റോഡില്‍ തേക്ക് മരം കടപുഴകി വീണ് വൈദ്യുതി തൂണ്‍ തകര്‍ന്നു. ഇതുകാരണം ഈറൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയത്.

അതിശക്തമായ കാറ്റിലും മഴയിലും കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടമുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പ് ദേശീയപാതയില്‍ തണല്‍മരങ്ങള്‍ കടപുഴകി ഗതാഗതം സ്തംഭിച്ചു. വെറ്റിലപ്പളളിയിലെ കാനനൂര്‍ കോ ഓപ്പറേറ്റീവ് മില്‍ക് സപ്‌ളൈ സൊസെറ്റിയുടെ കറവ് കേന്ദ്രം തകര്‍ന്നുവീ്ണു. പാല്‍ ശേഖരിക്കുന്ന പാത്രങ്ങളും അളവ് പാത്രങ്ങളും തകര്‍ന്നു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കണ്ണൂര്‍ തളിപ്പറമ്പ് ദേശീയപാതയില്‍ മാങ്ങാട്ടുപറമ്പ പാമ്പുവളര്‍ത്തുകേന്ദ്രം, കണ്ണൂര്‍ സര്‍വകലാശാല ബസ് സ്‌റ്റോപ്പ്, പറശ്ശിനിക്ഷേത്രം എന്നിവടങ്ങളില്‍ തണല്‍മരങ്ങള്‍ കടപുഴകി വീണതുകാരണം മണിക്കൂറുകളോളംഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ് സെത്തിയാണ് റോഡിനുകുറുകെ വീണ മരങ്ങള്‍ മുറിച്ചുമാറ്റിയത്. കീച്ചേരിയില്‍ വന്‍ ആല്‍മരം കാറ്റില്‍ കടപുഴകി വീണ് വീടുതകര്‍ന്നു.

പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസ് വളപ്പിലുളള കൂറ്റന്‍ മരം കാറ്റില്‍ കടപുഴകി വീണു. താഴെചൊവ്വ തെഴുക്കില്‍ പീടിക കെ. എസ്. ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനു സമീപമുളള കൂറ്റന്‍മരം റോഡിലേക്ക് വീണതിനാല്‍ ഈ റൂട്ടിലുളള ഗതാഗതം അല്‍പ്പനേരം മുടങ്ങി. കണ്ണൂര്‍ പയ്യന്നൂര്‍ ദേശീയപാതയിലെ പൊടിക്കുണ്ടില്‍ കാറ്റില്‍ വന്‍ ഫ്‌ളക്‌സ് ബോര്‍ഡ് താഴെവീണതിനാല്‍ ഗതാഗതം മുടങ്ങി. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് കൂറ്റന്‍ബോര്‍ഡ് നീക്കം ചെയ്തതത്. കിഴുന്നയില്‍ റെയില്‍പ്പാളത്തില്‍ മരം കടപുഴകി വീണത് ട്രെയിന്‍ഗതാഗതം തടസപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പാളത്തിനു കുറുകെ വീണ മരം മുറിച്ചുമാറ്റിയതിനു ശേഷമാണ് ഇതുവഴിയുളള ട്രെയിന്‍സര്‍വീസ് പുനരാരംഭിച്ചത്.

കൂത്തുപറമ്പ് വീടിനുമുകളില്‍ മരം കടപുഴകി വീണ് കുളിമുറി തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ അടിയറപ്പാറ കല്യാണി ഹോട്ടലിനു മുന്നിലുളള കോളോത്ത് യശോദയുടെ വീടിനു മുകളിലാണ് തൊട്ടടുത്തപറമ്പിലെ തേക്കുമരം കടപുഴകി വീണത്. കുളിമുറിയുടെ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ പുറക്കളം ഗുരുമന്ദിരത്തിനടുത്തെ കൊട്ടയോടന്‍ കമലയുടെ വീടിന് മുകളില്‍ വന്‍ ആല്‍മരം കടപുഴകി വീണു. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post