പയ്യാമ്പലം ശവക്കല്ലറ തകർക്കൽ: അഴീക്കോടും കണ്ണൂരും ഹർത്താൽ പൂർണ്ണം

Kannur, Kerala, Payyambalam, Harthal, Strike,

കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിലെ ശവക്കല്ലറകൾ സാമൂഹ്യവിരുദ്ധർ തകർത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി, എസ്. എൻ. ഡി. പി തുടങ്ങിയ 12 സംഘ‌ടനകൾ കണ്ണൂർ, അഴീക്കോട് നിയോജക മണ്ഡലങ്ങളിൽ നടത്തിയ ഹർത്താൽ പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മെഡിക്കൽ സ്റ്റോർ, മിൽമാബൂത്തുകൾ എന്നിവ ഉൾപ്പെടെയുളള വ്യാപാര സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും കണ്ണൂർ നഗരം രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് വിജനമായി. 

വെള്ളിയാഴ്ച രാവിലെ നഗരത്തിൽ തുറന്ന ചില കടകളും പൊതുമേഖലാ ബാങ്കുകളും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ചില സ്കൂളുകൾ പ്രവർത്തിച്ചിരുന്നുവെങ്കിലും ഹാജർ നില നന്നെകുറവായിരുന്നു. ഹർത്താലിനെ തുടർന്ന് ജനങ്ങൾ കുറവായതിനാൽ കണ്ണൂർ നഗരത്തിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്കുളള സ്വകാര്യബസുകൾ ഭാഗികമായി മാത്രമെ ഓടിയുളളൂ. ഓട്ടോ, ടാക്സി കാറുകളുംപകുതി മാത്രമെ പുറത്തിറങ്ങിയുളളൂ. സർക്കാർ ഓഫീസുകളിലും ഹാജർ നില നന്നെ കുറവായിരുന്നു. 

തുറന്നു പ്രവർത്തിച്ച കടകളിൽ ചിലത് അടപ്പിക്കാൻ ശ്രമിച്ച ഏഴു ഹിന്ദു ഐക്യവേദി പ്രവർത്തകരെ ടൗൺ ബാങ്കിനു സമീപം വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ് ടൗൺ സ്റ്റേഷനുമുന്നിൽ പ്രവർത്തകർ കൂട്ടമായെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. 

അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉപവാസം നടത്തുകയായിരുന്ന ഹർത്താനുകൂലികളാണ് സ്റ്റേഷനുമുന്നിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ പ്രവർത്തകരെ പോലീസ് വിട്ടയച്ചു. കലക്ടറേറ്റിനു മുന്നിൽ നടത്തിയ ഉപവാസ സമരം അമൃതമഠാധിപതി സ്വാമി അമൃതകൃപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാമിനി അപൂർവ്വാനന്ദസരസ്വതി, വിവിധ പാർട്ടി നേതാക്കളായ കെ. രഞ്ചിത്ത്, സജീവ് മറോളി, വെളേളാറ രാജൻ, പി. രാജേന്ദ്രൻ, ഭാഗ്യശീലൻ ചാലാട് എന്നിവർ പ്രസംഗിച്ചു. എം.കെ വിനോദ് സ്വാഗതവും കെ.ജിബാബു നന്ദിയും പറഞ്ഞു. 

ഉപവാസസമരത്തിനു ശേഷം പയ്യാമ്പലം ശ്മശാനസംരക്ഷണ സമിതി പ്രവർത്തകർ കലക്ടർ ഡോ. രത്തൻ ഖേൽക്കർക്ക് നിവേദനം നൽകി. പയ്യാമ്പലം ശ്മശാനവുമായിബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പ്രവർത്തകർ കലക്ടറെ ധരിപ്പിച്ചു. ഇതിനെ തുടർന്ന് കണ്ണൂർ എസ്. പി രാഹുൽ ആർ. നായർ, ഡി.വൈ. എസ്. പി പി.സുകുമാരൻ, എ. ഡി. എം, തഹസിൽദാർ എന്നിവരുമൊന്നിച്ച് കലക്ടർ ശവക്കല്ലറകൾ പൊളിച്ചുമാറ്റിയ സ്ഥലം സന്ദർശിച്ചു. സ്ഥലത്തിന്റെ യഥാർത്ഥ അവകാശികളെ തിരിച്ചറിയുന്നവരെ ശവക്കല്ലറകൾ പൊളിച്ചുമാറ്റിയ സ്ഥലം ജില്ലാഭരണകൂടം ഏറ്റെടുക്കുമെന്ന് കലക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടാകും. ഇതുമായി ബന്ധപ്പെട്ടകാര്യങ്ങൾ തീരുമാനിക്കാൻ എ. ഡി. എം മുഹമ്മദ് അസ്ലം, തഹസിൽദാർ രഘുനാഥ് എന്നിവരെ കലക്ടർ ചുമതലപ്പെടുത്തി. 

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് പയ്യാമ്പലം ശ്മശാനത്തിൽ പതിനാറോളം ശവക്കല്ലറകൾ തകർത്തത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കേസിൽ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഹർത്താലിനെ തുടർന്ന് വാരം, ഏച്ചൂർ, കുടുക്കിമെട്ട, വൻകുളത്തുവയൽ, പൂതപ്പാറ, പൊടിക്കുണ്ട്, പുതിയ തെരു, വളപട്ടണം, തുടങ്ങിയ സ്ഥലങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.

Keywords: Kannur, Kerala, Payyambalam, Harthal, Strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post