'യാമിനിയുടെ പരാതി വനിതാ പൊലീസ് ഉദ്യോഗസ്ഥ അന്വേഷിക്കണം'

Yamini
കണ്ണൂര്‍: ഗണേഷ് കുമാറിനെതിരായ ഭാര്യ യാമിനി തങ്കച്ചിയുടെ പരാതി വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഗണേഷ് കുമാറിന്റെ രാജിയോടെ പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍, യാമിനിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം ഉപയോഗിച്ച് കേസെടുത്ത് അന്വേഷിക്കണം. മുഖ്യമന്ത്രി തന്നെ വഞ്ചിച്ചുവെന്ന് യാമിനി പറയുന്നു. സ്ത്രീ പീഡകരെയാകെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. പി.ജെ. കുര്യനെതിരെ നാട്ടുകാര്‍ പറയുന്നതനുസരിച്ച് കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.

പിന്നെ ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഭരിക്കുന്നത്. ഗണേഷ് കുമാര്‍ തന്നെ ഭാര്യ മര്‍ദ്ദിച്ചുവെന്ന് പറയുന്നു. എന്ത് കാരണത്തിനാണ് മര്‍ദ്ദിച്ചതെന്ന് കൂടി വ്യക്തമാക്കണം. അദ്ദേഹം ഇക്കാര്യത്തില്‍ നാടകം കളിക്കുകയാണ്. ഇത്തരം പൊറാട്ടുനാടകത്തിന് പ്രതികരിച്ച് സമയം കളയാന്‍ കഴിയില്ല. കുറ്റക്കാരനെ സംരക്ഷിച്ച മുഖ്യമന്ത്രി ക്രിമിനല്‍ കുറ്റത്തിന് രാജിവയ്ക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

യാമിനിയുടെ പരാതിയില്‍ കേസ് എടുക്കുന്നതിന് മുന്‌പെ അത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് സംഭവത്തില്‍ ഗാര്‍ഹികപീഡന കുറ്റം ചുമത്തുന്നതിന് പകരം സാധാരണ ക്രിമിനല്‍ കേസെടുത്തതെന്ന് പി.കെ. ശ്രീമതി ആരോപിച്ചു. മുഖ്യമന്ത്രി കുടുങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഗണേഷ് കുമാറിനെ രാജിവയ്പ്പിച്ചത്. എല്ലാം മുഖ്യമന്ത്രിയോട് ചോദിച്ചാണ് താന്‍ ചെയ്യുന്നതെന്ന് പറഞ്ഞ ഗണേഷ് കുമാര്‍ വിവാഹമോചന കേസ് നല്കിയതും അദ്ദേഹത്തോട് ചോദിച്ചോയെന്ന് വ്യക്തമാക്കണം. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കാണ് മുഖ്യമന്ത്രി നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ശ്രീമതി പറഞ്ഞു. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.കെ. ലീല, സെക്രട്ടറി എം.വി. സരള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Yamini, Mahila Association, Ganesh Kumar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post