പിണറായിയിലെ സംഭവം: ഗൂഡാലോചനയുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നു

കണ്ണൂര്‍: സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ വീടിനടുത്തുളള പാണ്ട്യാല ബസ് സ്‌റ്റോപ്പില്‍ എയര്‍ഗണ്ണും കൊടുവാളുമായി വൃദ്ധനെ പിടികൂടിയ കേസില്‍ ദുരൂഹതവര്‍ദ്ധിക്കുന്നു. സംഭവത്തിനു പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.

Kunhikrishnan
Kunhikrishnan
നാദാപുരം വളയത്തെ പിലാവുളളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ(75)യാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെ നാട്ടുകാര്‍ പിടികൂടി ധര്‍മ്മടം പൊലിസില്‍ ഏല്‍പ്പിച്ചത്. ബന്ധുക്കള്‍ മാനസികരോഗിയാണെന്ന് മൊഴി നല്‍കിയ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ വീട്ടില്‍ നിന്നും എയര്‍ഗണ്‍ തിരകളും വെടിമരുന്നും കണ്ടെത്തിയത് പൊലിസിനെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്.ഇതുകൂടാതെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ വളയത്തെ വീട്ടില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ ടി. പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പത്രവാര്‍ത്തകളും കണ്ടെത്തിയത് കേസിനെ കൂടുതല്‍ ദുരൂഹമാക്കിയിട്ടുണ്ട്.

തങ്ങള്‍ അടിയുറച്ചസി. പി. എം കുടുംബമാണെന്ന് പിടിയിലായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരും ബന്ധുക്കളും പറയുമ്പോഴും പിണറായി കഴിഞ്ഞ ദിവസം പ്രസംഗിച്ച ഇരിട്ടി കോളിത്തട്ട് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന പരിപാടി നടക്കുന്ന പേരട്ടയില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെത്തിയതും പിണറായി പാണ്ട്യാലമുക്കില്‍ സംഭവദിവസത്തിന്റെ തലേന്ന് വന്നതും അപായശ്രമം ആസൂത്രിതമാണോയെന്ന സംശയത്തിലേക്ക് പൊലിസിനെ എത്തിച്ചിട്ടുണ്ട്. തലശേരി സി.ജെ. എം കോടതി റിമാന്‍ഡ് ചെയ്ത കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ജാമ്യാപേക്ഷ എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

സി. പി. എമ്മിന്റെ കോട്ടയായ പിണറായിയില്‍ ഇത്തരമൊരു സംഭവം നടന്നത് സി. പി. എം കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ടി. പി ചന്ദ്രശേഖരന്‍ വധത്തില്‍ നേരത്തെ സി.പി. എം സംസ്ഥാനസെക്രട്ടറി പിണറായിവിജയനെതിരെ അപവാദ പ്രചരണം നടത്തിയ ആര്‍. എം.പിയാണ് വധശ്രമത്തിന് പിന്നിലെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിട്ടുണ്ട്.

ആര്‍. എം. പിയുമായി ബന്ധമില്ലെങ്കിലും ടി. പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ക്ഷുഭിതനായിരുന്നുവെന്ന് പൊലിസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ടി. പിയുടെ ഭാര്യ രമ, ഭാര്യപിതാവ് മാധവന്‍ എന്നിവരെ കൊലപാതകം നടന്നതിനുശേഷം സന്ദര്‍ശിച്ച തനിക്ക് അവരുടെ ദു:ഖം സഹിക്കാന്‍ കഴിഞ്ഞില്ലെന്ന്കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ കണ്ണൂര്‍ എസ്. പി രാഹുല്‍ ആര്‍. നായര്‍ ചോദ്യം ചെയ്തപ്പോള്‍ മൊഴി നല്‍കിയിരുന്നു.

ആറുവര്‍ഷം മുമ്പ് തൈറോയ്ഡിന്റെ ശസ്ത്രക്രിയകഴിഞ്ഞപ്പോള്‍കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്ക് മാനസിക അസ്വസ്ഥതയുണ്ടായെന്നല്ലാതെ ഇപ്പോള്‍ പറയത്തക്ക തകരാറുകളൊന്നുമില്ലെന്നാണ് ഇയാളുടെ ഭാര്യയും മകനും മരുമകനും പൊലിസില്‍ നല്‍കിയ മൊഴി. 1987ല്‍ സി. പി. എം ജില്ലാസെക്രട്ടറിയായി ചുമതലയേറ്റ പിണറായിവിജയന് നേരെ രാഷ്ട്രീയ എതിരാളികളില്‍ നിന്നും നേരത്തെയും അപായഭീഷണിയുണ്ടായിരുന്നു. പിണറായിയുടെ വീട്ടിലെ വളര്‍ത്തു നായ മോത്തി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് വലിയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് പിണറായിയുടെ വീടുമായി ബന്ധപ്പെട്ട അക്രമശ്രമമുണ്ടാകുന്നത്.

ടി.പി വധത്തില്‍ ഉത്തരവാദിയെന്ന് താന്‍കരുതുന്ന സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തുക മാത്രമെ ഉദ്ദ്യേശമുളളുവെന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര ലളിതമായി പൊലിസ് കാണുന്നില്ലെന്നാണ് സൂചന.

Keywords: Kerala, Kannur, Kunhikrishnan, CPM, Pinarayi Vijayan, Police, T.P Chandrashekaran, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post