കണ്ണൂരില്‍ കഞ്ഞിക്കുഴികള്‍: അച്ചടക്കവാളുമായി പ്രാദേശിക നേതൃത്വം

കണ്ണൂര്‍: നേതൃത്വത്തിനെതിരെ കലാപക്കൊടിയുയര്‍ത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം ഏറിയാകമ്മിറ്റികള്‍ അച്ചടക്കവാളോങ്ങുന്നു. പാര്‍ട്ടി സഹകരണസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെയാണ് നേതൃത്വം കടുത്ത നടപടിക്കൊരുങ്ങുന്നത്. പാര്‍ട്ടി അംഗത്വംപുതുക്കാതെ ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്ന് നൂറിലേറെ പേര്‍ വിട്ടുനിന്ന പ്രശ്‌നം സി.പി. എമ്മില്‍ പുകയുകയാണ്. സാധാരണയായി കൊഴിഞ്ഞുപോകാറുണ്ടെങ്കിലും ഇക്കുറി ഗണ്യമായി വര്‍ദ്ധിച്ചതാണ് വിഷയമായത്.
CPM flag
ഫെബ്രുവരിയില്‍ ആരംഭിച്ച അംഗത്വം പുതുക്കല്‍ ഏപ്രില്‍മാസമാണ് അവസാനിക്കുന്നത്. അംഗത്വം പുതുക്കാതെ വിട്ടു നില്‍ക്കുന്നവരുടെ ലിസ്റ്റ് ജില്ലാകമ്മിറ്റി ഓരോ ഏരിയകളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലെ പേരുകള്‍ കോഡ്രീകരിച്ചായിരിക്കും അനന്തരനടപടി സ്വീകരിക്കുക. പാര്‍ട്ടി ജോലി നേടി പിന്നീട് തിരിഞ്ഞുകുത്തുന്നവരോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന നിലപാടിലാണ് ഏറിയാലോക്കല്‍ നേതൃത്വങ്ങള്‍.

പ്രാരംഭഘട്ടത്തില്‍ ഇവരോട് വിശദീകരണം ചോദിക്കുകയും ഇതുലഭിച്ചാല്‍ തെറ്റുതിരുത്താന്‍ അവസരം നല്‍കുകയും ചെയ്യും. എന്നിട്ടും നേര്‍വഴിക്ക് വന്നില്ലെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശനനടപടിയെടുത്തേക്കും.

ജില്ലയില്‍ അഞ്ചരക്കണ്ടി ഏറിയയെയാണ് പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് ഏറെ ബാധിച്ചത്. പ്രാദേശിക നേതൃത്വത്തിനെതിരെയുളള ശക്തമായ വികാരമാണ് അണികളിലൊരുവിഭാഗത്തെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. നേരത്തെ ഏറിയാസമ്മേളനത്തില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്ന സ്ഥലമാണിത്. മത്സരിച്ചുതോറ്റവര്‍ ഇപ്പോഴും നിലവിലുളള നേതൃത്വത്തോട് അകല്‍ച്ചകാണിക്കുന്നവരാണ്.

വി. എസ് അച്യുതാനന്ദന് കണ്ണൂരില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം ഇതില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. നേരത്തെ വി. എസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ ഒരു ചെറുപ്രകടനം പോലും ഈ ഏരിയയില്‍ നടന്നിട്ടില്ല. പുറത്തെക്കാട്,കാവിന്‍മൂല പ്രദേശങ്ങളിലാണ് പ്രാദേശിക നേതൃത്വത്തിനെതിരെ ശക്തമായ വികാരമുളളത്.

നേതാക്കള്‍ താന്‍പ്രമാണിത്തവും ധാര്‍ഷ്ട്യവും നിറഞ്ഞ പെരുമാറ്റ ശൈലി സ്വീകരിക്കുന്നു, ജനകീയപ്രശ്‌നങ്ങളില്‍ പാര്‍ട്ടിതാത്പര്യം മറികടന്ന് വ്യക്തിതാല്‍പര്യം നടപ്പാക്കുന്നു,വിവിധ വിഷയങ്ങളില്‍ മധ്യസ്ഥര്‍ ചമഞ്ഞ് പാര്‍ട്ടി ബന്ധുക്കളെ പോലും എതിരാളികളാക്കുന്നു ഇങ്ങനെ പോകുന്നുവിമര്‍ശനങ്ങള്‍.

പാര്‍ട്ടി വേദികളില്‍ നേതൃത്വത്തിനെതിരെ ഈക്കാര്യം തുറന്നടിക്കാന്‍ യുവാക്കളായ പ്രവര്‍ത്തകര്‍ തയ്യാറായതാണ് പുതിയ ഉരുള്‍പൊട്ടലിന് ഇടയാക്കിയത്. വസ്തുതാപരമായി വിമര്‍ശനം നടത്തുന്നവരെ വിമതരായി മുദ്രകുത്തുകയാണ് ഒരുവിഭാഗം നേതാക്കള്‍ ചെയ്യുന്നതെന്നും ചില നേതാക്കളുടെ അസഹിഷ്ണുതയാണ് ഇപ്പോഴുളള പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും പാര്‍ട്ടിയോട് അകലം പാലിക്കുന്ന യുവജന പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.

തിരുവായ്‌ക്കെതിര്‍ വായയില്ലാത്ത മാടമ്പിമാരെപോലെയാണ് ചിലനേതാക്കള്‍ അണികളോട് പെരുമാറുന്നതെന്നും ഇത്തരം സംവിധാനത്തിനകത്ത് അടിമയെപ്പോലെ ഇനിയും നിന്നാല്‍ ശ്വാസംമുട്ടിമരിക്കുമെന്നാണ് മറ്റൊരാള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചില നടപടികള്‍ക്കെതിരെയുളള അമര്‍ഷവും ഭരണസമിതിയുടെ കെടുകാര്യസ്ഥതയും വലിയൊരുവിഭാഗം പ്രവര്‍ത്തകരില്‍ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി.എസ്. സി വഴി ലഭിച്ചമാതിരിയാണ് ഭരണം നടത്തുന്നത്. തന്നിഷ്ടക്കാരനായ സെക്രട്ടറിയും പ്രസിഡന്റുംകൂടി ന്യായമായ ആവശ്യങ്ങള്‍ക്കായി പോകുന്ന സാധാരണക്കാരെ അവഹേളിക്കുകയാണെന്നും ചില പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടെങ്കിലും വിഘടിച്ച് സി.പി. എമ്മില്‍ നിന്നും അകന്നു നില്‍ക്കാന്‍ വിമര്‍ശകരില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നില്ല.

തലതിരിഞ്ഞ നേതൃത്വത്തിനൊരു ഷോക്ക് ട്രീറ്റ് മെന്റ് അത്രമാത്രമെ അംഗത്വം പുതുക്കാതെ പ്രതിഷേധിക്കുന്നവര്‍ ഉദ്ദ്യേശിക്കുന്നുളളൂവെന്നാണ് സൂചന. എന്നാല്‍ അച്ചടക്കവാളുമായി എതിര്‍ക്കുന്നവരെ വെട്ടിനിരത്താന്‍ നേതൃത്വം ഒരുമ്പെട്ടാല്‍ സ്ഥിതി രൂക്ഷമായേക്കുമെന്നാണ് വിവരം.

Keywords: Kerala, Kannur, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post