വംഗനാട്ടില്‍ നിന്ന് വീറോടെ


കണ്ണൂര്‍: സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിലേക്ക് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ വംഗനാട്ടില്‍ നിന്ന്. വിപ്ലവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ചുവപ്പന്‍ ബംഗാളില്‍ നിന്ന് എത്തുന്നത് 489 പേരാണ്. ഇതില്‍ 200 ഓളം പേരും എത്തിയത് ബുധനാഴ്ച രാവിലെ. ഇവര്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ ആവേശോജ്വല സ്വീകരണമൊരുക്കി. സി. പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്‍, നേതാക്കളായ കെ. പി സഹദേവന്‍, എം. പ്രകാശന്‍, കെ.കെ രാഗേഷ്, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസന്‍ തുടങ്ങിയവരും പ്രവര്‍ത്തകരും ഇന്നലെ രാവിലെ റെയില്‍വേ സ്‌റ്റേഷനിലെത്തി. ചെണ്ടമേളത്തോടെയാണ് പ്രതിനിധികളെ വരവേറ്റത്.

കഴിഞ്ഞദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുള്‍പ്പെടെ പ്രതിനിധികളെ വരവേല്‍ക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനിന്നിരുന്നു. 483 പ്രതിനിധികളുമായി കേരളമാണ് തൊട്ടടുത്ത സ്ഥാനത്ത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും സമ്മേളന പ്രതിനിധികളുണ്ട്. ഓരോ പ്രതിനിധി വീതം പങ്കെടുക്കുന്ന മണിപ്പൂര്‍, മിസോറാം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കുറവ്. മണിപ്പൂരില്‍ നിന്ന് മന്ത്രി തന്നെ സമ്മേളനത്തിനെത്തിയിട്ടുണ്ട്.

തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് , തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നും രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ബീഹാര്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്ര, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവടങ്ങളില്‍ നിന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിദേശത്ത് നിന്ന് ഐ.എല്‍.ഒയുടെ പ്രതിനിധി ബ്രദര്‍ എരിയല്‍ കാസ്‌ട്രോയും ഡബ്‌ള്യു.എഫ്.ടി.യുവിന്റെ പ്രതിനിധി ആലക്‌സാഡ്രിയ ലിന്‌പേരിയും ഇന്നലെ കണ്ണൂരിലെത്തി. മിക്കവാറും പ്രതിനിധികള്‍ എത്തിച്ചേര്‍ന്നതായാണ് വിവരം. ഇവരെ നഗരത്തിലും പറശ്ശിനിക്കടവിലും പെരളശ്ശേരിയിലുമായുള്ള ഒന്പതു ലോഡ്ജുകളിലായാണ് താമസിപ്പിക്കുന്നത്. നഗരത്തിലെ ഏതാണ്ട് എല്ലാ ലോഡ്ജുകളും നേരത്തെ തന്നെ ബുക്കുചെയ്തിരുന്നു.

ഇതിന് പുറമെ സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പദ്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ഗുപ്ത തുടങ്ങിയ നേതാക്കളും സി.പി.എമ്മിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളും കണ്ണൂരില്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിനിധി സമ്മേളനം നടക്കുന്ന വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഭക്ഷണസൗകര്യങ്ങളും എ.കെ. പദ്മനാഭനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ച് വിലയിരുത്തി.
Keywords: Kerala, Kannur, CITU, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post