പുഴകളില്‍ നിന്നും ഓട് മത്സ്യങ്ങളും അപ്രത്യക്ഷമാവുന്നു: ഫിഷറീസ് വകുപ്പ് ഉറങ്ങുന്നു

 Kerala, Kannur, River, Fisheries, Waste, sand, Fish, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: ജില്ലയിലെ പുഴകളില്‍ നിന്നും ഓട് മത്സ്യങ്ങളും അപ്രത്യക്ഷമാവുന്നു. ഇളമ്പക്ക, മുരു, ഓട്ടിക്ക, ഓരിക്ക എന്നിവയ്ക്കാണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നത്. പുഴയില്‍ നടക്കുന്ന അമിതമായ മണലൂറ്റാണ് ഇവയ്ക്കു കാലനാവുന്നത്. പ്രജനനകാലത്ത് മണലിനടിയില്‍ വിത്തുല്‍പ്പാദനംനടത്തുന്ന ഇവയെ കോരിയെടുക്കുന്നതുകാരണം ഒരുവംശമാകെ നശിക്കുകയാണ്.

അഞ്ചരക്കണ്ടി പുഴയില്‍ നടത്തിയ പഠനമനുസരിച്ച് തൊണ്ണൂറ് ശതമാനം ഓടുമത്സരങ്ങളും നശിച്ചുകഴിഞ്ഞിട്ടുണ്ട്. പത്തുശതമാനം മാത്രമെ ഇവിടെബാക്കിയുളളൂ.

ഒരുകാലത്ത് ഗ്രാമീണരുടെ ഏറ്റവും സമൃദ്ധമായ ഭക്ഷ്യവിഭവങ്ങളിലൊന്നായിരുന്നു ഓടുമത്സ്യങ്ങള്‍ . ആസ്തമാരോഗികള്‍ക്ക് ഫലപ്രദമായ മരുന്നുകളിലൊന്നായാണ് മുരുവിനെ പരിഗണിച്ചിരുന്നത്. കല്ലുമ്മക്കായയുടെ രൂപസാദൃശ്യമുളള മുരു ഇപ്പോള്‍ ബാര്‍ ഹോട്ടലുകളിലെ തീന്‍മേശകളിലെ മുഖ്യവിഭവങ്ങളിലൊന്നാണ്.

ഒരു മുരുവിന് ഇപ്പോള്‍ മൂന്നുരൂപയാണ് വില. പുഴകളില്‍ അവശേഷിക്കുന്ന മുരുവിനെ വന്‍വിലയ്ക്കാണ് നഗരത്തിലേക്ക് കടത്തുന്നത്.

മണല്‍വാരലില്‍ ഏറ്റവും വലിയ ഭീഷണി നേരിട്ടത് ഇളമ്പക്കയ്ക്കാണ്. ഒരുകാലഘട്ടത്തില്‍ സാധാരണക്കാര്‍ വറുത്തും കറിവെച്ചും വേവിച്ചും സമൃദ്ധമായികഴിച്ചിരുന്ന ഇളമ്പക്ക ഇന്നു കണികാണാന്‍ പോലും കിട്ടുന്നില്ല.

പുഴയോരത്തു ചേര്‍ന്ന തോടുകളില്‍ നിന്നും ഇവ അപൂര്‍വ്വമായി ലഭിക്കുന്നുണ്ടെങ്കില്‍ ഒരുകിലോവിന് പത്തുരൂപ വച്ച് നഗരങ്ങളിലെ ഹോട്ടലുകളിലേക്ക് കയറ്റി അയക്കുകയാണ്. ഓട്ടിക്ക, ഓരിക്ക തുടങ്ങിയ ഇളമ്പക്കയുടെ വകഭേദങ്ങളും വംശനാശ ഭീഷണിയിലാണ്.

അഞ്ചരക്കണ്ടി പുഴയിലെ ഒട്ടുമിക്കഭാഗങ്ങളിലും അനധികൃതമണല്‍വാരല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇ മണല്‍ പദ്ധതി വന്നതോടെ മണല്‍ക്ഷാമം രൂക്ഷമായതാണ് അനധികൃത മണലൂറ്റ് വര്‍ദ്ധിക്കാന്‍ കാരണം, അഞ്ചരക്കണ്ടി പുഴയുടെ ഭാഗമായ മമ്പറം, കീഴത്തൂര്‍, എടക്കടവ്, മേലൂര്‍, പാറപ്രം, ധര്‍മ്മടം അഴിമുഖം എന്നിവടങ്ങളില്‍ രാപ്പകല്‍ഭേദമില്ലാതെയാണ് മണലൂറ്റ് നടക്കുന്നത്.

ജില്ലയിലെ പുഴകളില്‍ നിന്നും നാടന്‍ മത്സ്യങ്ങളും ഓട് മത്സ്യങ്ങളും അപ്രത്യക്ഷമാവുന്നത് ഇനിയും ഫിഷറീസ് വകുപ്പ് അറിഞ്ഞിട്ടില്ല. ഇതേ കുറിച്ച് ഞങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്നാണ് ഫിഷറീസ് വകുപ്പ് അധികൃതരുടെ വിശദീകരണം. ഈക്കാര്യത്തെ കുറിച്ച് പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അതുകൊണ്ട് പ്രതികരിക്കാനാവില്ലെന്നും ഫിഷറീസ് ഇന്‍സ് പെക്ടര്‍ പറഞ്ഞു.

Keywords: Kerala, Kannur, River, Fisheries, Waste, sand, Fish, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post