പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണം

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിസെ പാര്‍ക്കിംഗ് ഫീ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറണമെന്ന് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി കെ ബൈജുവും പ്രസിഡന്റ് രാജേഷ് കൊല്ലറേത്തും ആവശ്യപ്പെട്ടു.
വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള ഫീയാണ് കുത്തനെ വര്‍ധിപ്പിക്കുന്നത്. 70 ശതമാനത്തിലധികമാണ് വര്‍ധന. രണ്ട് വര്‍ഷം മുമ്പായിരുന്നു പാര്‍ക്കിംഗ് ഫീ കുത്തനെ വര്‍ധിപ്പിച്ചത്. തിരുവനന്തപുരെ ഡിവിഷനില്‍ പാര്‍ക്കിംഗ് ഫീ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാലക്കാട് ഡിവിഷനിലും പാര്‍ക്കിംഗ് ഫീ വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഒരു ദിവസം പാര്‍ക്ക് ചെയ്യാന്‍ ഇരുചക്ര വാഹനത്തിന് 15 രൂപ നല്‍കണം. രണ്ട് മണികൂര്‍ പാര്‍ക്ക് ചെയ്യാന്‍ അഞ്ച് രൂപ നല്‍കണം. കാറിന് പത്തു രൂപ നല്‍കണം. ദിവസേന ഫീ 25 രൂപ വരെയാകുമെന്നാണ് പറയുന്നത്. മറ്റ് വാഹനങ്ങളുടെ ഫീയും വര്‍ധിക്കും. ഓരോ സ്റ്റേഷനിലും നിരക്കില്‍ വ്യത്യാസമുണ്ടാകും.
വാഹനങ്ങള്‍ മഴയും വെയിലും കൊളളാതിരിക്കാന്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം റെയില്‍വേ മുഖ വിലക്കെടുത്തിട്ടില്ല. വെയിലത്ത് വാഹനങ്ങള്‍ നിര്‍ത്തുന്നത് മൂലം എണ്ണയുടെ ഉപയോഗവും വര്‍ധിക്കുന്നു. സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയാണ് വാഹന ഫീ പിരിക്കുന്നത്. വാഹനങ്ങളിലെ എണ്ണ ഊറ്റിയെടുക്കുന്നത് പതിവാണ്. ഹെല്‍മറ്റുള്‍പ്പെടെയുള്ള സാധനങ്ങളും കളവ് പോകും. വന്‍ തുക നല്‍കി പാര്‍ക്കിംഗ് ചെയ്യുമ്പോഴും വാഹനങ്ങള്‍ ശ്രദ്ധിക്കാന്‍ പലപ്പോഴും കരാറുകാര്‍ തയ്യാറാകുന്നില്ല. പല സ്റ്റേഷനിലും പാര്‍ക്കിംഗ് സ്ഥലം തന്നെ കുണ്ടും കുഴിയുമായിരിക്കും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post