നിയമ സഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണം: പ്രൊജിനി ഫ്രീ കപ്പിള്‍സ്

കണ്ണൂര്‍: കുട്ടികളില്ലാത്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിയമസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. വന്ധ്യതാ ചികില്‍സയുടെ പേരില്‍ സംസ്ഥാനത്തുടനീളം വന്‍ ചൂഷണമാണ് നടക്കുന്നതെന്നും ഇതിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു. വിവിധ ചികില്‍സാ രീതികളാണ് ഈ മേഖലയിലുള്ളത്. ലക്ഷക്കണക്കിനു രൂപയാണ് ഓരോ ദമ്പതിമാരും ചെലവിടുന്നത്. എന്നാല്‍ പലര്‍ക്കും ഒരു പ്രയോജനവും ലഭിക്കുന്നില്ല. മാത്രമല്ല, നിരന്തരമായ ചികില്‍സമൂലം പലരും രോഗങ്ങള്‍ക്ക് അടിമകളാവുകയാണ്. സ്വകാര്യ ആശുപത്രികളാണ് ചൂഷണം തുടരുന്നത്. ചികില്‍സയിലെ ഗുണമേന്‍മ ബോധ്യപ്പെടുത്താന്‍ സംവിധാനമില്ല. അതിനാല്‍ പരിശോധനാ രേഖകള്‍ സൂക്ഷിക്കണം. സമഗ്ര സര്‍വേ നടത്തി റിപോര്‍ട്ട് തയാറാക്കുക, ദത്തെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുക, സര്‍ക്കാര്‍തലത്തില്‍ വന്ധ്യതാ ചകില്‍സയ്ക്ക് നടപടി സ്വീകരിക്കുക, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, ക്ഷേമപദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങളും സെമിനാര്‍ ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് അശോകന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ശശി, സംസ്ഥാന സെക്രട്ടറി എം.കെ. ഹാരിസ്, ജില്ലാ സെക്രട്ടറി ഷീബ ലിയോണ്‍, ജില്ലാ വൈസ് പ്രസിഡന്റ് യാദവ് കൃഷ്ണന്‍, എന്‍.കെ. സല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post